LiveTV

Live

Kerala

കോട്ടയത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിമറിച്ച സുരേഷ്കുറുപ്പ്

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന സുരേഷ്കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെങ്കിലും കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അത് വലിയ ചലനങ്ങള്‍ ഉണ്ടാക്കി

കോട്ടയത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിമറിച്ച സുരേഷ്കുറുപ്പ്

കോട്ടയം ലോക്സഭ മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത്. 1984ലായിരുന്നു. യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥി നേതാവായ സുരേഷ് കുറുപ്പിനെ ഇറക്കിയാണ് എല്‍.ഡി.എഫ് മണ്ഡലം പിടിച്ചത്. ഇന്ദിരഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് യു.ഡി.എഫ് അനുകൂലമായ തരംഗം ഉണ്ടായെങ്കിലും കേരളം അതുവരെ കണ്ടിട്ടില്ലാത്ത പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് അട്ടിമറി വിജയം നേടുകയായിരുന്നു സുരേഷ് കുറുപ്പും എല്‍.ഡി.എഫും.

1984ല്‍ ഏറ്റവും ശ്രദ്ധേയമായത് സുരേഷ് കുറുപ്പിന്‍റെ കോട്ടയത്തെ വിജയം സി.പി.എം മണ്ഡലം പിടിച്ചത് എസ്.എഫ്.ഐയിലെ വിദ്യാര്‍ത്ഥി നേതാവിനെ ഇറക്കി പ്രചരണത്തിലെ വ്യത്യസ്ഥത സുരേഷ് കുറുപ്പിനെ വിജയിയാക്കി. എല്‍.ഡി.എഫിന് ബാലികേറാ മലയായിരുന്ന കോട്ടയം ലോക്സഭ മണ്ഡലം. 1967 ഒഴിച്ച് നിര്‍ത്തിയാല്‍ മണ്ഡലം രൂപീകൃതമായ 52 മുതല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ചു പോന്നിരുന്നു. ഇതോടെയാണ് 84ല്‍ സീറ്റ് പിടിക്കാന്‍ വിദ്യാര്‍ത്ഥി നേതാവായ സുരേഷ് കുറുപ്പിനെ രംഗത്ത് ഇറക്കുന്നത്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന സുരേഷ്കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെങ്കിലും കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അത് വലിയ ചലനങ്ങള്‍ ഉണ്ടാക്കി. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു പ്രചരണത്തില്‍ ചുക്കാന്‍ പിടിച്ചത്. അങ്ങനെ വീശിയടിച്ച ഇന്ദിര തരംഗത്തിനിടയിലും സിറ്റിംഗ് എം.പിയായ സ്കറിയാ തോമസിനെ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സുരേഷ് കുറുപ്പ് ആ ചരിത്രവിജയം സ്വന്തമാക്കി.

കേരളം അന്നേ വരെ കണ്ടിട്ടില്ലാത്ത പ്രചരണ പരിപാടികളായിരുന്നു സുരേക്ഷ് കുറുപ്പിന്‍റെ ആദ്യ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക. വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ചെറുസംഘങ്ങള്‍ വീടുകള്‍ തോറും വോട്ട് തേടി ഇറങ്ങി. കേരള ചരിത്രത്തില്‍ ആദ്യമായി ഫോട്ടോ വെച്ച പോസ്റ്ററുകള്‍ സി.പി.എം ഇറക്കി. അതിനുമപ്പുറം അധ്യാപകര്‍ തന്നെ രംഗത്ത് ഇറങ്ങുന്ന കാഴ്ചയും കാണാനായി.

സുരേഷ് കുറുപ്പിന്‍റെ വ്യക്തിത്വവും തെര‍ഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി. മത-സാമുദായിക സംഘടനകളും സുരേഷ് കുറുപ്പെന്ന വിദ്യാര്‍ത്ഥി നേതാവിനെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളികളഞ്ഞില്ല. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് പലരേയും പരീക്ഷിച്ചെങ്കിലും വിജയം നേടിയവരുടെ പട്ടികയില്‍ സുരേഷ് കുറുപ്പ് തന്നെയാണ് മുന്നില്‍. അതുകൊണ്ട് ഇത്തവണയും സുരേഷ് കുറപ്പിന്‍റെ പേര് സജീവമായിട്ടുണ്ട്.