LiveTV

Live

Kerala

മൂന്നാം സീറ്റ് ചോദിച്ചില്ല, ലീഗില്‍ കടുത്ത അതൃപ്തി

പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നതിനിടെയായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പരസ്യ പ്രഖ്യാപനം

മൂന്നാം സീറ്റ് ചോദിച്ചില്ല, ലീഗില്‍ കടുത്ത അതൃപ്തി

രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ മൂന്നാമത്തെ സീറ്റിനായി അവകാശ വാദം ഉന്നയിക്കാതിരുന്ന നേതാക്കളുടെ നിലപാടില്‍ ലീഗിനുള്ളില്‍ കടുത്ത അതൃപ്തി. അതൃപ്തി ശക്തമായതോടെ മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പരസ്യമായി പ്രതികരിച്ചു. രാഹുലിന് മുന്നില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി തുറന്ന് പറഞ്ഞപ്പോള്‍ സൂചന നല്‍കിയെന്ന വാദവുമായി കെ.പി.എ മജീദും രംഗത്ത് വന്നു.

കൂടുതല്‍ സീറ്റിനായി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവകാശവാദം ഉന്നയിക്കാത്തതില്‍ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നതിനിടെയായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പരസ്യ പ്രഖ്യാപനം. ഇതോടെ മൂന്നാമതൊരു സീറ്റ് ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ ആവര്‍ത്തിച്ചുള്ള വിശദീകരണങ്ങള്‍ അപ്രസക്തമായി. മാത്രമല്ല രാഹുല്‍ ഗാന്ധിയോട് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ലെന്ന കാര്യവും ഇ.ടി സ്ഥിരീകരിച്ചു. എന്നാല്‍ രാഹുലിന് കൂടുതല്‍ സീറ്റ് വേണമെന്ന സൂചന നല്‍കിയെന്നായിരുന്നു കെ.പി.എ മജീദിന്‍റെ പ്രതികരണം.

ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കണമെന്ന് മുഖപ്രസംഗം എഴുതിയ സമസ്തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ദിനപത്രം ഇന്ന് കണക്കുകള്‍ നിരത്തി കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിലൊന്ന് ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു.