LiveTV

Live

Kerala

യു.ഡി.എഫില്‍ സീറ്റ് തര്‍ക്കം മുറുകുന്നു; 3 സീറ്റിന് അര്‍ഹതയുണ്ടെന്ന് ലീഗ്; 2 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്

ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. രാഹുലിനോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെട്ടില്ലെന്നും..

യു.ഡി.എഫില്‍ സീറ്റ് തര്‍ക്കം മുറുകുന്നു; 3 സീറ്റിന് അര്‍ഹതയുണ്ടെന്ന് ലീഗ്; 2 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്

രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ മൂന്നാമതൊരു സീറ്റിന് അവകാശ വാദം ഉന്നയിക്കാതിരുന്ന നേതാക്കളുടെ നിലപാടില്‍ ലീഗിനുള്ളില്‍ കടുത്ത അതൃപ്തി. അതൃപ്തി ശക്തമായതോടെ മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കുമെന്ന് പരസ്യമായി നിലപാട് വിശദീകരിച്ച് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്ത് എത്തി. സീറ്റ് എത് വേണമെന്ന കാര്യം തീരുമാനിക്കാന്‍ ഉടന്‍ നേതൃയോഗങ്ങള്‍ വിളിക്കുമെന്നും ഇ.ടി വ്യക്തമാക്കി.

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പുറത്ത് നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികമായി ഒരു സീറ്റില്‍ കൂടി അവകാശ വാദം ഉന്നയിക്കണമെന്ന സമ്മര്‍ദ്ദം ലീഗ് നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നിട്ടും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് മൂന്നാമതൊരു സീറ്റിനായി അവകാശവാദം ഉന്നയിച്ചില്ല. ഇതില്‍ നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പുകയുന്നതിനിടെയായിരുന്നു മൂന്നാമതൊരു സീറ്റ് മുന്നണി യോഗത്തില്‍ ചോദിക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പരസ്യ പ്രതികരണം.

മൂന്നാമതൊരു സീറ്റ് ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും ആവര്‍ത്തിച്ചുള്ള വിശദീകരണങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ സീറ്റ് ചോദിക്കുമെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കൂടുതല്‍ സീറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നും ഇ.ടി വ്യക്തമാക്കി. ഇതോടെ മൂന്നാമതൊരു സീറ്റില്‍ ലീഗ് നേതൃത്വത്തിന് അവകാശവാദം ഉന്നയിക്കേണ്ടിവരും. മലബാറില്‍ നിന്നുള്ള ഒരു സീറ്റാവും ലീഗ് ചോദിക്കുക.

ഏത് സീറ്റ് വേണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വിജയ പരാജയ സാധ്യതകൾ പരിഗണിച്ചാകും തീരുമാനം. യു.ഡി.എഫ് യോഗത്തില്‍ വിഷയം ചർച്ചയാകുമെന്നും കെ.പി.എ മജീദ് കാസർകോട് മീഡിയവണിനോട് പറഞ്ഞു.

രണ്ടാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കെ.എം മാണിയും ഇക്കാര്യം ആവശ്യപ്പെട്ടതായി ജോസഫ് പറഞ്ഞു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികള്‍ രാഹുലുമായി ഗൌരവമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡനറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം‌.