LiveTV

Live

Kerala

കേരളത്തിന്‍റെ സാമ്പത്തിക വളർച്ച കൂടി, പ്രതിശീർഷ വരുമാനം വർധിച്ചു

പ്രളയം വിതച്ച ആഘാതം കാരണം വരും വർഷങ്ങളിൽ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും ധനമന്ത്രി നിയമസഭയിൽ വച്ച സാമ്പത്തിക സർവേയില്‍ വ്യക്തമാക്കുന്നു...

കേരളത്തിന്‍റെ സാമ്പത്തിക വളർച്ച കൂടി, പ്രതിശീർഷ വരുമാനം വർധിച്ചു

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയും പ്രതിശീർഷ വരുമാനവും വർദ്ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. കാർഷിക വ്യവസായ മേഖലകളിൽ ഉണർവ് പ്രകടമായി. റവന്യൂ വരുമാനത്തിൽ 83,020 കോടിയുടെ വര്‍ധനവുണ്ട്. പ്രളയം വിതച്ച ആഘാതം കാരണം വരും വർഷങ്ങളിൽ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും ധനമന്ത്രി നിയമസഭയിൽ വച്ച സാമ്പത്തിക സർവേയില്‍ വ്യക്തമാക്കുന്നു.

7.18 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനം കൈവരിച്ച വളർച്ചാ നേട്ടം. മുൻ വർഷമിത് 6.22 ശതമാനമായിരുന്നു. സാമ്പത്തിക വളർച്ചാ നിരക്കിനൊപ്പം പ്രതിശീർഷ വരുമാന വർദ്ധനവും രേഖപ്പെടുത്തി. 1,48,927 രൂപയാണ് പ്രതിശീർഷ വരുമാനം. ദേശീയ ശരാശരിയെ മറികടക്കുന്നതാണ് സംസ്ഥാനത്തിന്‍റെ വളർച്ചയെന്ന് സർവേ അടയാളപ്പെടുത്തുന്നു.

റവന്യൂ വരുമാനത്തിൽ 9.8 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. GST നടപ്പാക്കിയ രീതിയെ പരാമർശിച്ച് കേന്ദ്രത്തെ സർവേ കുറ്റപ്പെടുത്തുന്നു. GST കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ. ഓഖിയും പ്രളയവും റവന്യു വരുമാനം കുറച്ചു. ചിലവ് വർധിപ്പിച്ചു. സെസ് ചുമത്തുന്നതിലെ കാലതാമസവും ധനസ്ഥിതിയെ ബാധിച്ചെന്നും കണ്ടെത്തലുകളുണ്ട്.

സംസ്ഥാനത്ത് 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ എത്തി. പ്രവാസി നിക്ഷേപത്തിൽ വലിയ വർദ്ധനവ് ഉണ്ടായപ്പോൾ പ്രവാസി നിക്ഷേപത്തിന്‍റെ വളർച്ചാ നിരക്കിൽ വർദ്ധനവ് പ്രകടമല്ല. പ്രവാസി മലയാളികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും എണ്ണത്തിൽ കുറവ് വന്നതായും അവലോകന സർവേ പറയുന്നു. നെല്ലുൽപാദനം വർധിച്ചപ്പോൾ തേങ്ങയുടെ ഉത്പാദനം കുറഞ്ഞു. ആസൂത്രിതമായ സാമ്പത്തിക വികസനം, സാമൂഹ്യനീതി, ലിംഗസമത്വം, അധികാര വികേന്ദ്രീകരണം എന്നിവയിലൂന്നിയ മെച്ചപ്പെട്ട കേരളം സാധ്യമാകുമെന്നും സാമ്പത്തിക അവലോകന സർവേ പറയുന്നു.