LiveTV

Live

Kerala

പത്തനംതിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇടത് മുന്നണി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍റണി രാജു

നേരത്തെ പ്രതിനിധീകരിച്ച ഇടുക്കിയിലെ രണ്ട് മണ്ഡലങ്ങള്‍ ഇപ്പോള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലാണെന്നും ഇത് അനുകൂലമായ സാഹചര്യമാണെന്നും ആന്‍റണി രാജു മീഡിയവണിനോട് പറഞ്ഞു.

പത്തനംതിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇടത് മുന്നണി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍റണി രാജു

പത്തനംതിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇടത് മുന്നണി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആന്‍റണി രാജു. ഫ്രാന്‍സിസ് ജോര്‍ജ്ജ് നേരത്തെ പ്രതിനിധീകരിച്ച ഇടുക്കിയിലെ രണ്ട് മണ്ഡലങ്ങള്‍ ഇപ്പോള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലാണെന്നും ഇത് അനുകൂലമായ സാഹചര്യമാണെന്നും ആന്‍റണി രാജു മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്നും ആന്‍റണി രാജു വ്യക്തമാക്കി.

സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് ഇടത് മുന്നണി കടന്നില്ലെങ്കിലും പുതിയ ഘടകകക്ഷികളടക്കം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജ് മത്സരിക്കുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ഇടത് നേതൃത്വം നടത്തുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യകേരള കോണ്‍ഗ്രസ്.

പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലൊന്ന് ഇടത് മുന്നണി തരുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആന്‍റണി രാജു പങ്ക് വെച്ചത്. പത്തനംതിട്ടയോടാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ആന്‍റണി രാജുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം.

ജോയ്സ് ജോര്‍ജ്ജ് ഇടുക്കിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും, ജനാധിപത്യ കേരള കോണ്‍ഗ്രസ് വന്നതോടെ ജോയ്സിന്റെ വിജയസാധ്യത വര്‍ധിച്ചുവെന്നും ആന്‍റണി രാജു പറഞ്ഞു. കെ.എം മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ ജോസഫ് തിരികെ വന്നാല്‍ പാര്‍ട്ടിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വര്‍ധിക്കുമെന്നും നേതാക്കള്‍ കരുതുന്നുണ്ട്.