LiveTV

Live

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി കൊച്ചിയില്‍

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഷാനവാസിന്റെ മകള്‍ അമീന പറഞ്ഞു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി കൊച്ചിയില്‍

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നല്‍കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാവരും നേരിട്ടെത്തിയാണ് ദേശീയ അധ്യക്ഷനെ സ്വീകരിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം. ഐ ഷാനവാസിന്റെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.

ചാര്‍ട്ടേഡ് വിമാനത്തില്‍ 2.10 നാണ്, എ.ഐ.സി.സി അധ്യക്ഷന്‍ രാഹുൽ ഗാന്ധി നെടുമ്പാശ്ശേരിയില്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.വി തോമസ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സ്വീകരണ ശേഷം റൺവേയിൽ നിന്നു തന്നെ കാറിൽ കയറിയ അദ്ദേഹം വിമാനത്താവളത്തിലെ നാലാം നമ്പർ ഗേറ്റ് വഴിയാണ് പുറത്തേക്കെത്തിയത്.

നേതാവിനെ കാണുന്നതിനായി ടെർമിനലിന് പുറത്തും നിരവധി പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് അന്തരിച്ച എം.പി എം.ഐ ഷാനവാസിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. ഇവിടെയും കോണ്‍ഗ്രസ് നേതാക്കള്‍ അധ്യക്ഷനെ അനുഗമിച്ചു. കുടുംബാംഗങ്ങളുമായി സൌഹൃദം പങ്ക് വെച്ചാണ് അവിടെനിന്നു കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്ന വേദിയിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഷാനവാസിന്റെ മകള്‍ അമീന പറഞ്ഞു.

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. ബൂത്ത് തലത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഴുവന്‍ ആവേശത്തിലാക്കിയാണ് രാഹുല്‍ ഗാന്ധി വേദി വിട്ടത്. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൌസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടികാഴ്ച നടത്തി.