LiveTV

Live

Kerala

മോദിയുടെ മനസ് ഇന്നും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണെന്ന് മുഖ്യമന്ത്രി

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 മോദിയുടെ മനസ് ഇന്നും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയുടെ മനസ് ഇന്നും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു . ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടതു സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്റെ അനുയായികള്‍ കാണിച്ച കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നത് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണെന്നും അത് സംരക്ഷിക്കാനെത്തിയ ദൈവദൂതനെപ്പോലെയാണ് ഇന്നലെ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇവിടെ സുപ്രിം കോടതി വിധി പ്രകാരമെത്തിയ സ്ത്രീകളെ ശബരിമലിയല്‍ അക്രമിക്കുകയായിരുന്നു ചെയ്തത്. രാജ്യത്തെ ഭരണാധികാരിയെന്ന നിലക്ക് ആ അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.