LiveTV

Live

Kerala

യാക്കോബായ സഭയിലെ സാമ്പത്തിക തിരിമറി; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് സഭ ഭാരവാഹികള്‍ 

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര വര്‍ക്കിങ് കമ്മിറ്റി വിളിച്ച് ചേര്‍ക്കും.

 യാക്കോബായ സഭയിലെ സാമ്പത്തിക തിരിമറി; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് സഭ ഭാരവാഹികള്‍ 

യാക്കോബായ സുറിയാനി സഭയിലെ ലക്ഷങ്ങളുടെ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് സഭ ഭാരവാഹികള്‍. ‌‌ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര വര്‍ക്കിങ് കമ്മിറ്റി വിളിച്ച് ചേര്‍ക്കും . 11 വര്‍ഷമായി സഭ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നവര്‍ ലക്ഷങ്ങള്‍ തിരിമറി നടത്തിയ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് വിട്ടത്.

സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്ന് പഴയ സമിതി തട്ടിക്കൂട്ടിയ ഓഡിറ്റ് റിപ്പോര്‍ട്ടും വര്‍ഷങ്ങളായി സഭ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തുവരുന്നതും ഇന്നലെയാണ് മീഡിയവണ്‍ പുറത്ത് വിട്ടത്. വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ പത്ത് മണിക്ക് പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തെത്താന്‍ സഭ നേതൃത്വം വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതീവ ഗുരുതരമായ വിവരങ്ങളാണ് പുറത്ത് വന്നതെന്നും ഇത്രയും കാലം സഭ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന കാര്യമടക്കം നാളെ നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമെന്ന് വൈദിക ട്രസ്റ്റി മീഡിയവണിനോട് വ്യക്തമാക്കി.

ക്രമക്കേട് പുറത്തായതോടെ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് വിശ്വാസികള്‍ക്കുണ്ടായ ഉത്കണ്ഠകള്‍ പരിഹരിക്കാനാവശ്യമായ നടപടി ഉണ്ടാകുമെന്ന് അല്‍മായ ട്രസ്റ്റിയും വ്യക്തമാക്കി. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും യാതൊരു രേഖകളുമുണ്ടായിരുന്നില്ല. 2007 മുതല്‍ 2018 വരെ കാലയളവില്‍ നീക്കിയിരുപ്പ് തുകയടക്കം 28 കോടി രൂപ 61 ലക്ഷം രൂപയുടെ വരവുണ്ടായതായി ചൂണ്ടിക്കാണിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഏകദേശം അത്രയും തന്നെ തുക ചെലവഴിച്ചതായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും കൃത്യമായ രേഖകളില്ലെന്നതാണ് ലക്ഷങ്ങളുടെ ക്രമക്കേടിലേക്ക് വിരല്‍ ചൂണ്ടുന്നത്.

Also read: യാക്കോബായ സഭയില്‍ ലക്ഷങ്ങളുടെ തിരിമറിയെന്ന്  ഓഡിറ്റ് റിപ്പോര്‍ട്ട്