LiveTV

Live

Kerala

കെ.എ.എസ് സംവരണം: നിയമവശം പരിഗണിച്ച് വരുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി 

കെ.എ.എസില്‍ സംവരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.

കെ.എ.എസ് സംവരണം: നിയമവശം പരിഗണിച്ച് വരുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി 

കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച നിയമവശം സര്‍ക്കാര്‍ പരിഗണിച്ച് വരുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി. മുസ്‍ലിം ലീഗ് എം.എല്‍.എമാരുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കെ.എ.എസില്‍ സംവരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗ് എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലവിലെ സ്ഥിതി അറിയിച്ചത്.

തസ്തിക മാറ്റത്തിന് സംവരണം നല്‍കാനാവില്ലെന്ന 2003ലെ ഉത്തരവിന്‍റ അടിസ്ഥാനത്തിലാണ് രണ്ട് സ്ട്രീമുകളില്‍ സംവരണം നല്‍കാത്തത്. എന്നാല്‍ എല്ലാ സ്ട്രീമിലും സംവരണം വേണമെന്ന് പിന്നാക്ക ദലിത് സംഘടനകളുടെ നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എല്ലാ സ്ട്രീമിലും സംവരണം നടപ്പിലാക്കാന്‍ പറ്റുമോ എന്നത് സംബന്ധിച്ച നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധനയിലാണെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. കെ.എ.എസില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംവരണം നടപ്പാക്കുമെന്നത് സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ഭരണപരമായ നടപടിയിലേക്ക് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതു വരെ പിന്തുടരുമെന്ന് കെ.എ.എസ് വിഷയം ആദ്യമായി നിയമസഭക്ക് മുന്നില്‍ കൊണ്ടുവന്ന ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച നിയമോപദേശം ലഭിച്ച ശേഷമാകും ചട്ടഭേദഗതിയിലേക്ക് സര്‍ക്കാര്‍ പോവുകയെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.