LiveTV

Live

Kerala

ബന്ധുനിയമന വിവാദം: സ്വന്തം വാദത്തിന് വിരുദ്ധമായി സഭയില്‍ കെ.ടി ജലീലിന്റെ മറുപടി

ബന്ധുനിയമന വിവാദത്തില്‍ സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ തീരുമാനം മറികടന്നാണ് നിയമനം നല്‍കിയതെന്ന് സഭയില്‍ ജലീല്‍

ബന്ധുനിയമന വിവാദം: സ്വന്തം വാദത്തിന് വിരുദ്ധമായി സഭയില്‍ കെ.ടി ജലീലിന്റെ മറുപടി

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ കെ.ടി ജലീല്‍ ബന്ധുവിനെ നിയമിച്ചത് കോര്‍പ്പറേഷന്റെ തീരുമാനം മറി കടന്നെന്ന് രേഖകള്‍. നിലവിലെ ജനറല്‍ മാനേജറുടെ കാലാവധി നീട്ടണമെന്ന തീരുമാനം അട്ടിമറിച്ചാണ് കെ.ടി അദീബിനെ മന്ത്രി നിയമിച്ചത്. എന്‍. ശംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കോര്‍പ്പറേഷന്‍ തീരുമാനം അട്ടിമറിച്ചതിന്റെ വിവരങ്ങളുള്ളത്.

നിലവിലെ ജനറല്‍ മാനേജര്‍ ഫൈസല്‍ മുനീറിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി നല്‍കാനായിരുന്നു ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തീരുമാനം. 2016 മെയ് 21ലെ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫൈസല്‍ മുനീറിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്നും മിനിട്സിലുണ്ട്. ഈ തീരുമാനമെല്ലാം അട്ടിമറിച്ചാണ് മന്ത്രി ബന്ധുവിനെ നിയമിച്ചത്. യോഗ്യതയുള്ള ആള്‍ ഇല്ലാത്തതിനാലാണ് അദീബിനെ നിയമിച്ചതെന്നായിരുന്നു ജലീലിന്റെ വാദം.

ഈ വാദം കൂടി പൊളിക്കുന്നതാണ് മന്ത്രി തന്നെ പുറത്ത് വിട്ട രേഖകള്‍. ഫൈസല്‍ മുനീറിനെ മാറ്റാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവിലില്ല എന്ന ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്. ചുരുക്കത്തില്‍ ബന്ധുനിയമനത്തില്‍ സ്വന്തം വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് കെ. ടി ജലീല്‍ തന്നെ നിയമസഭയില്‍ നല്‍കിയ രേഖകള്‍.