ടിക്കറ്റെടുത്ത കോച്ച് അവസാന നിമിഷം ഒഴിവാക്കി റെയില്‍വെയുടെ അനാസ്ഥ; ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കേരള എക്സ്പ്രസ്സില്‍ ദുരിതയാത്ര
ഇന്‍ക്ലൂസീവ് പാരന്റ്സ് അസോസിയേഷന് എന്ന പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടനയാണ് വിദ്യാര്‍ഥികളുമായി ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളോട് റെയില്‍വെയുടെ അനാസ്ഥ. വിദ്യാര്‍ഥികള്‍ ടിക്കറ്റെടുത്ത കോച്ച് അവസാന നിമിഷം ഒഴിവാക്കി. ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന കേരള എക്സ്പ്രസിലാണ് സംഭവം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെത്തിയത്.
ഇന്‍ക്ലൂസീവ് പാരന്റ്സ് അസോസിയേഷന് എന്ന പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടനയാണ് വിദ്യാര്‍ഥികളുമായി ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. തിരിച്ച് കേരള എക്സ്പ്രസില്‍ നേരത്തെ തന്നെ ടിക്കറ്റെടുത്തിരുന്നു. എസ്. ടെന്‍ എന്ന കോച്ചിലായിരുന്നു എല്ലാവരുടെയും ടിക്കറ്റ്. യാത്ര ചെയ്യാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കേരള എക്സ്പ്രസിന് എസ്. ടെന്‍ എന്ന കോച്ചേ ഇല്ല. ഏറെ പ്രയാസപ്പെട്ട് മറ്റ് കോച്ചുകളിലായാണ് ഇപ്പോള്‍ ഇവര്‍ യാത്ര ചെയ്യുന്നത്.
റെയില്‍വെയില്‍ പരാതി നല്‍കിയെങ്കിലും മറ്റ് കോച്ചുകളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റെയില്‍വെ മറുപടി നല്‍കിയത്. എന്നാല്‍ ഭിന്നശേഷിക്കാരായത് കൊണ്ടുതന്നെ കുട്ടികളും രക്ഷിതാക്കളും പല കോച്ചുകളിലാവുന്നത് വലിയ ബുദ്ധിമുട്ടാക്കുന്നുവെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. 26 പേരാണ് സംഘത്തിലുള്ളത്. റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ പ്രതിസന്ധിക്കിടയാക്കിയത്.