LiveTV

Live

Kerala

സി.പി.എം ഓഫീസില്‍ റെയ്ഡ്: ചൈത്ര തെരേസ ജോണിന് ജാഗ്രതക്കുറവുണ്ടായെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നിരിക്കെ സാഹചര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് വകുപ്പ് തല റിപ്പോര്‍ട്ടില്‍ പറയുന്നു

സി.പി.എം ഓഫീസില്‍ റെയ്ഡ്: ചൈത്ര തെരേസ ജോണിന് ജാഗ്രതക്കുറവുണ്ടായെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്

സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് ജാഗ്രതക്കുറവുണ്ടായെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നിരിക്കെ സാഹചര്യങ്ങള്‍ പരിശോധിച്ചില്ല. അതേസമയം ചൈത്ര തെരേസ ജോണിനെതിരെ കടുത്ത നടപടിയുണ്ടാകില്ല.

അതിനിടെ ചൈത്ര തെരേസ ജോണിനെതിരെ സി.പി.എം രംഗത്തെത്തി. മതിയായ കാരണമില്ലാതെ ഓഫിസില്‍ പരിശോധന നടത്തിയത് ദുരുദ്ദേശപരമാണ്. ചൈത്രക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ അക്രമം ഉണ്ടായപ്പോള്‍ പൊലീസ് ബി.ജെ.പി ഓഫിസില്‍ കയറിയിട്ടില്ല. ഒരു കാരണവും ഇല്ലാതെ സി.പി.എം ഓഫിസില്‍ കയറിയത് പ്രശ്നം ഉണ്ടാക്കാനാണെന്നും സി.പി.എം ആരോപിച്ചു.

പീഡനക്കേസിലെ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രമുഖ നേതാക്കളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ചൈത്ര തെരേസ ജോൺ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

തുടർന്ന് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സി.പിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ചൈത്ര തെരേസ ജോണിനെ വിമൻ സെൽ എസ്‌.പി സ്ഥാനത്തേക്കു മടക്കി. അവധിയിലായിരുന്ന ആർ ആദിത്യ ഐ.പി.എസിനെ തിരികെ വിളിച്ചാണ് ചൈത്ര തെരേസ ജോണിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ എസ്‌.ബി.ഐ ആക്രമണ കേസിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതിന് ചൈത്ര തെരേസ ജോണിനെതിരെ നീക്കം തുടങ്ങിയിരുന്നു. എൻ.ജി.ഒ യൂണിയൻ ചൈത്ര തെരേസ ജോണിനെതിരെ സി.പി.എമ്മിന് പരാതിയും നൽകിയിരുന്നു.