LiveTV

Live

Kerala

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് വിടാന്‍ സംഘപരിവാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം നേരത്തെ അവര്‍ കാണിച്ചിരുന്നുവെന്നും..

അമൃതാനന്ദമയി കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍  പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിന്റെ പേരിലായാലും ശബരിമല കർമസമിതിയുമായി അമൃതാനന്ദമയി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള സംഘപരിവാര്‍ നീക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും വിമര്‍ശനം ഉന്നയിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ലെന്ന് തന്റെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.