LiveTV

Live

Kerala

ദേശീയപാത 66: ഇടപ്പള്ളി -മൂത്തകുന്നം സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം

മേല്‍പ്പാത പ്രായോഗികമാക്കിയാലും 45 മീറ്ററിലധികം സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ജംഗ്ഷനുകളിലെ പ്ലാനില്‍ കൂടുതല്‍ ചര്‍ച്ച നടത്തി മാറ്റങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണെന്നും കളക്ടര്‍

ദേശീയപാത 66:  ഇടപ്പള്ളി -മൂത്തകുന്നം സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം

ദേശീയപാത 66ന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം. സ്ഥലമേറ്റെടുപ്പിനെ എതിര്‍ത്ത സമര സമിതിക്കെതിരെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല രംഗത്തെത്തി. മേല്‍പ്പാത പ്രായോഗികമാക്കിയാലും 45 മീറ്ററിലധികം സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ജംഗ്ഷനുകളിലെ പ്ലാനില്‍ കൂടുതല്‍ ചര്‍ച്ച നടത്തി മാറ്റങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

ദേശീയപാത 66ല്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ 24.5 കിലോമീറ്റര്‍ ദൂരമാണ് എറണാകുളം ജില്ലയിലൂടെ കടന്നുപോകുക. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാകളക്ടര്‍‌ സമരസമിതി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തി. 23.5 മീറ്ററില്‍ മേല്‍പ്പാത എന്ന ആവശ്യം പ്രായോഗികമല്ലെന്നും ആറ് വരി പാതയ്ക്ക് സമാന്തരമായി മീഡിയനും നടപ്പാതയും പണിയുന്നതോടെ 45 മീറ്ററിലധികം സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ മറുപടി. 4 വരി പാത നിര്‍മ്മിക്കുന്നതിന് ഒരു കിലോ മീറ്ററിന് 34. 59 കോടി രൂപ ചെലവ് വരുമ്പോള്‍ മേല്‍പാലത്തിന് 95.14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് കോര്‍പ്പറേഷന്‍ / മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 100 ശതമാനവും പഞ്ചായത്തുകളില്‍ 120 ശതമാനവും നഷ്ടപരിഹാരം ലഭിക്കും. വീടിനും കെട്ടിടങ്ങള്‍ക്കും പഴക്കം കണക്കിലെടുക്കാതെ എല്ലാ പ്രദേശങ്ങളിലും നഷ്ടപരിഹാരം ലഭിക്കുമെന്നും നോട്ടിഫിക്കേഷന്‍ വന്ന തിയ്യതി മുതല്‍ തുക നല്‍കുന്നത് വരെ മൊത്തം തുകയ്ക്ക് 12 ശതമാനം പലിശ നല്‍കുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അതേസമയം നേരത്തെ ഏറ്റെടുത്ത 30 മീറ്ററില്‍ പാത നിര്‍മിക്കണമെന്ന ആവശ്യവുമായി ഭൂമി ഏറ്റെടുക്കലിനെതിരായ സമരം ശക്തിപ്പെടുത്താനാണ് സമര സമിതിയുടെ തീരുമാനം.