തെന്മല റിയല്‍ എസ്റ്റേറ്റിന്റെ പക്കല്‍ നിന്ന് ഉപാധികളോടെ കരം വാങ്ങണമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ
ഹാരിസണിന്റെ പക്കലുള്ള മുഴുവന്‍ എസ്റ്റേറ്റുകളില്‍ നിന്ന് കരം ഈടാക്കാനുള്ള നീക്കം ഇപ്പോള്‍ അനുവദിക്കേണ്ടെന്നും ധാരണ

തെന്മല റിയല്‍ എസ്റ്റേറ്റിന്റെ പക്കല്‍ നിന്ന് ഉപാധികളോടെ കരം വാങ്ങണമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ. ഇക്കാര്യത്തിലുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ച് റവന്യൂ വകുപ്പില്‍ ആലോചന നടക്കുന്നുണ്ട്. എന്നാല്‍ ഹാരിസണിന്റെ പക്കലുള്ള മുഴുവന്‍ എസ്റ്റേറ്റുകളില്‍ നിന്ന് കരം ഈടാക്കാനുള്ള നീക്കം ഇപ്പോള്‍ അനുവദിക്കേണ്ടെന്നും ധാരണയായിട്ടുണ്ട്. ഹാരിസണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മില്‍ രാഷ്ട്രീയ ധാരണയിലെത്തിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി
ഹാരിസണിന്റെ കൈവശം വെയ്ക്കുന്നതും, ഹാരിസണ്‍ മുറിച്ച് വിറ്റതുമായ ഭൂമിയുടെ കരം സ്വീകരിക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ നിര്‍ദ്ദേശം റവന്യൂമന്ത്രി തള്ളിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് റവന്യൂമന്ത്രി നിലപാടെടുത്തത്. എന്നാല്‍ ഹാരിസണ്‍ വിറ്റൊഴിഞ്ഞ തെന്മല റിയ എസ്റ്റേറ്റില്‍ നിന്ന് കരം ഈടാക്കി പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഉപാധികളോടെ മാത്രമായിരിക്കും കരം സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരിന് സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്ന കോടതിവിധി ഉള്ള സാഹചര്യത്തില്‍ അതേകുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിന്റെ പരിഗണനയിലേക്ക് വിഷയം വന്നേക്കും.
റവന്യൂമന്ത്രി അറിയാതെ കരം സ്വീകരിക്കാനുള്ള ഫയല്‍ തയ്യാറാക്കി മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് കൊണ്ട് വരാനുള്ള റവന്യൂസെക്രട്ടറിയുടെ നീക്കത്തിന് പിന്നില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഹാരിസണ്‍ ഭൂമി ക്രമപ്പെടുത്തലില്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും രാഷ്ട്രീയമായ ധാരണയിലെത്തിയിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഈ ധാരണയെന്തെന്ന് പറയാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കാബിനറ്റാണെന്നും കാനം കൊല്ലത്ത് പറഞ്ഞു.
ഹാരിസണ്‍ ഉള്‍പ്പടെയുള്ളവര്‍ നിയമവിരുദ്ധമായി കൈവശം വെച്ച ഭൂമിയില്‍ നിന്ന് കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചുവെന്ന് വി.എം സുധീരന്. ഭൂമി നിയമവിധേയമാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. രേഖകളുണ്ടായിട്ടും ഭൂമി കേസുകള്‍ സര്‍ക്കാര്‍ കോടതികളില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്നും സുധീരന് കുറ്റപ്പെടുത്തി