LiveTV

Live

Kerala

ആലപ്പാട്ടെ കരിമണല്‍ ഖനനം: മണ്ണും തൊഴിലും നഷ്ടമായി ഒരു ജനത

കടല്‍ വരണ്ടുപോകുമെന്ന ഇവരുടെ ഭയം തള്ളിക്കളയാനാകില്ല. മണ്ണും തൊഴിലും കവര്‍ന്നെടുക്കുന്ന ഖനനത്തെ അതുകൊണ്ടാണ് ഈ നാട് എതിര്‍ക്കുന്നത്.

ആലപ്പാട്ടെ കരിമണല്‍ ഖനനം: മണ്ണും തൊഴിലും നഷ്ടമായി ഒരു ജനത

ആലപ്പാട്ടെ ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍പോകാന്‍ ചെറിയ തീരം മാത്രമാണ് ബാക്കി. കിലോമീറ്ററുകള്‍ നീണ്ടുകിടന്ന കടല്‍ത്തീരം ഇവരുടെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. അവശേഷിക്കുന്ന തീരവും ഓര്‍മ്മയായി തീരാതിരിക്കാന്‍ ഖനനം അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളികളും അഭ്യര്‍ത്ഥിക്കുന്നു.

നാടില്ലാതാകുന്നു എന്നതിനപ്പുറത്തേക്ക് ആലപ്പാട്ടെ കരിമണല്‍ ഖനനം മറ്റൊരു വലിയ ആശങ്കയും നാട്ടുകാര്‍ക്ക് നല്‍കുന്നുണ്ട്. സീ വാഷിംഗ് നടത്തി മണല്‍ത്തിട്ട കോരിക്കൊണ്ടു പോകുന്നത് പരമ്പരാഗത മത്സ്യബന്ധനത്തെയും ബാധിക്കുമെന്നതാണ് ആലപ്പാട്ടുകാരുടെ അനുഭവം. ഐ.ആര്‍.ഇ ഖനനം ആലപ്പാട്ടുകാര്‍ക്ക് ജീവിതോപാധി കൂടി ഇല്ലാതാക്കുന്നതാണ്.

ഒരിക്കല്‍ മുഖ്യമന്ത്രി തന്നെ പറ‍ഞ്ഞതാണ് ഇവര്‍ കേരളത്തിന്‍റെ സേനയാണെന്ന്. അവരുടെ ഉപജീവനത്തില്‍ തന്നെയാണ് രണ്ട് പൊതുമേഖലാസ്ഥാപനങ്ങള്‍- കെ.എം.എം.എല്ലും ഐ.ആര്‍.ഇയും- മണ്ണുമാന്തിയിടുന്നത്. കടലിനെയും തീരത്തെയും ഒരുപോലെ കാക്കുന്നവരാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ആലപ്പാട്ടുകാരുടെ പ്രധാന ഉപജീവനമാര്‍ഗം കയര്‍ പിരിക്കലും മത്സ്യബന്ധനവുമായിരുന്നു. കയര്‍ത്തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞുവന്നതോടെ മത്സ്യബന്ധനം ഇവിടെ പ്രധാന ഉപജീവനമാര്‍ഗമാക്കിയവരാണ് ആലപ്പാട്ടുകാര്‍. എന്നാല്‍ കരയ്ക്കും കടലിനും ഉണ്ടാകുന്ന ഈ രൂപമാറ്റം അവരെ ഭയപ്പെടുത്തുന്നുണ്ട്. കരയിലും കടലിനുള്ളിലെ മണല്‍ത്തിട്ടകളിലും പ്രജനനം നടത്തുന്ന കടല്‍ജീവികള്‍ക്കും കരിമണല്‍ ഖനനം അന്ത്യം കുറിച്ചിട്ടുണ്ടാകും.

അതുകൊണ്ടുതന്നെ കടല്‍ വരണ്ടുപോകുമെന്ന ഇവരുടെ ഭയം തള്ളിക്കളയാനാകില്ല. മണ്ണും തൊഴിലും കവര്‍ന്നെടുക്കുന്ന ഖനനത്തെ അതുകൊണ്ടാണ് ഈ നാട് എതിര്‍ക്കുന്നത്.