LiveTV

Live

Kerala

ചില പൊലീസ് സ്റ്റേഷനുകളില്‍ മാഫിയ ബന്ധമെന്ന് വിജിലന്‍സ്  

40 സ്റ്റേഷനുകളില്‍ അപകടം, പണമിടപാട് കേസുകളില്‍ പൊലീസ് കോഴ വാങ്ങി കേസ് ഒത്തുതീര്‍ത്തെന്ന് വിജിലന്‍സ് കണ്ടെത്തി

 ചില പൊലീസ് സ്റ്റേഷനുകളില്‍ മാഫിയ ബന്ധമെന്ന് വിജിലന്‍സ്  

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവച്ച് വിജിലന്‍സിന്റെ ഓപ്പറേഷന്‍ തണ്ടര്‍. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മാഫിയാ ബന്ധം ഉണ്ടെന്നും വാഹനാപകടകേസുകളില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ടെന്നും വിജിലന്‍സ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ഡയറക്ടര്‍ക്ക് കൈമാറും. പത്തിലധികം എസ്.എച്ച്. ഒമാരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡി.ജി.പിയോട് ശിപാര്‍ശ ചെയ്യും.

മണല്‍ക്വാറി മാഫിയകളുമായി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും വാഹനാപകടകേസുകളില്‍ വഴിവിട്ട് ഇടപാട് നടക്കുന്നുണ്ടെന്നുമുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ തണ്ടറിന് ഇന്നലെ തുടക്കമായത്. റെയ്ഡ് ഒരു ദിവസം പിന്നിടുമ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിഞ്ഞു.

മണല്‍ ക്വാറി മാഫിയകള്‍ക്കായി എറണാകുളം തിരുവനന്തപുരം റേഞ്ചിലെ സ്റ്റേഷനുകളില്‍ ഇടപാട് നടക്കുന്നതിന്റെ തെളിവ് വിജിലന്‍സിന് ലഭിച്ചു. വാഹനാപകട കേസുകളില്‍ ലക്ഷങ്ങളാണ് തട്ടുന്നത്. അഭിഭാഷകര്‍ക്ക് കേസു പിടിച്ച് നല്‍കുകയും കോടതി വരെ കേസ് വേഗത്തിലാക്കി കൊടുക്കുകയും ഇരയ്ക്ക് ലഭിക്കുന്ന തുകയില്‍ നിന്ന് അഭിഭാകര്‍ വഴി കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്യുന്നു.

പരിശോധിച്ച 53 സ്റ്റേഷനുകളില്‍ നാല്‍പ്പതിലധികം ഇടത്തും ഈ ഇടപാട് നടക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് കാലതാമസമില്ലാതെ ഡി.ജി.പിക്ക് കൈമാറാനാണ് തീരുമാനം. പത്തിലധികം എസ്.എച്ച്.ഒമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്യും. സ്വര്‍ണം, കഞ്ചാവ്, പണം എന്നിവ പിടിച്ചെടുത്തത് ഗുരുതരമായ കുറ്റമായാണ് വിജിലന്‍സ് കാണുന്നത്.