LiveTV

Live

Kerala

പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് കോടികള്‍ മുടക്കി പ‍ഞ്ചായത്ത് ദിനാഘോഷം 

തൃശൂരില്‍ അടുത്ത മാസം 16 മുതല്‍ നാല് ദിവസമാണ് പഞ്ചായത്ത് ദിനാഘോഷവും അനുബന്ധ പരിപാടികളും നടക്കുന്നത്.

 പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് കോടികള്‍ മുടക്കി പ‍ഞ്ചായത്ത് ദിനാഘോഷം 

പ്രളയം തീര്‍ത്ത അവശതകള്‍ മാറും മുന്‍പേ കോടികള്‍ മുടക്കി ആര്‍ഭാടത്തോടെ സര്‍ക്കാര്‍ പ‍ഞ്ചായത്ത് ദിനാഘോഷം കൊണ്ടാടാന്‍ ഒരുങ്ങുന്നു. തൃശൂരില്‍ അടുത്ത മാസം 16 മുതല്‍ നാല് ദിവസമാണ് പഞ്ചായത്ത് ദിനാഘോഷവും അനുബന്ധ പരിപാടികളും നടക്കുന്നത്.

ആറായിരത്തോളം പ്രതിനിധികളെയാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, ഉപഹാരം, സമ്മേളന ഹാളിന്റെ വാടക, കലാപരിപാടികള്‍- ചെലവ് ഏകദേശം ആറ് കോടിയാണ് കണക്കാക്കുന്നത്. സമ്മേളന പ്രതിനിധികള്‍ക്കുള്ള യാത്രാബത്ത വേറെയും. സമ്മേളനത്തിനായി 10 ലക്ഷം രൂപ വാടകക്ക് തൃശൂരിലെ കണ്‍വന്‍ഷന്‍ സെന്റര്‍ സംഘാടകര്‍ ബുക്ക് ചെയ്തു കഴിഞ്ഞു. പ്രളയത്തില്‍ സര്‍വതും തകര്‍ന്നവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തൃശൂരില്‍ നിന്ന് പരിപാടി മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു.

സമ്മേളന ചെലവിലേക്ക് പഞ്ചായത്തുകള്‍ എത്ര പണമാണ് തനത് ഫണ്ടില്‍ നിന്ന് നല്‍കണമെന്നത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറങ്ങും. കഴിഞ്ഞ വര്‍ഷം അന്നത്തെ തദ്ദേശ ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ജില്ലയായ മലപ്പുറത്ത് വെച്ചായിരുന്നു സമ്മേളനം. അന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയത് 20000 രൂപ. മറ്റ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയത് 15000വും. ഇത്തവണയും ഈ തുക തന്നെ നല്‍കാനാണ് സംഘാടക സമിതി പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും.