LiveTV

Live

Kerala

കെ.എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും വിശിഷ്ട അംഗത്വം: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

നിരീശ്വരൻ എന്ന നോവലിനാണ് വി ജെ ജെയിംസിന് പുരസ്കാരം. അയ്മനം ജോണിന്‍റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാൻ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായി തെര‍‍ഞ്ഞെടുക്കപ്പെട്ടു.

കെ.എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും വിശിഷ്ട അംഗത്വം: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

2017 ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകളും വിശിഷ്ടാംഗത്വവും പ്രഖ്യാപിച്ചു. കെ.എൻ പണിക്കർ, ആറ്റൂർ രവിവർമ എന്നിവർക്കാണ് വിശിഷ്ട അംഗത്വം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പഴവിള രമേശൻ, കെ അജിത എന്നിവരുൾപ്പെടെ അഞ്ചുപേർ അർഹരായി. കവിത പുരസ്‌കാരം കവി വീരാന്‍കുട്ടിക്കാണ്. എസ്.വി വേണുഗോപന്‍ നായര്‍ക്കാണ് നാടകത്തിനുള്ള പുരസ്‌കാരം. ബാലസാഹിത്യ അവാര്‍ഡിന് വി. ആർ സുധീഷും സാഹിത്യ വിമർശനത്തിന് കല്പറ്റ നാരായണനും അര്‍ഹനായി. നോവലിനുള്ള പുരസ്കാരത്തിന് വി. ജെ ജെയിംസും ചെറുകഥയ്ക്കുള്ള പുരസ്കാരത്തിന് അയ്മനം ജോണും അര്‍ഹരായി. വൈജ്ജാനിക സാഹിത്യത്തിന് എൻ.ജെ.കെ നായർക്കും ജീവചരിത്രത്തിന് ജയചന്ദ്രൻ മൊകേരിയും യാത്രാ വിവരണത്തിന് സി വി ബാലകൃഷ്ണനും വിവർത്തനത്തിന് രാമാ മേനോനും പുരസ്കാരമുണ്ട്. ചൊവ്വലൂർ കൃഷ്ണൻകുട്ടിക്കാണ് ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം.

മുരളി തുമ്മാരുകുടിക്കും എസ്. കലേഷിനുമാണ് സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്‍റ്. ഇവര്‍ക്കു പുറമെ പി പവിത്രൻ, പി.കെ. ശ്രീധരൻ, ഡോ. പി. സോമൻ, അബിൻ ജോസഫ് എന്നിവരും എൻഡോവ്മെന്‍റിന് അർഹരായി. നിരീശ്വരൻ എന്ന നോവലിനാണ് വി ജെ ജെയിംസിന് പുരസ്കാരം. അയ്മനം ജോണിന്‍റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാൻ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായി തെര‍‍ഞ്ഞെടുക്കപ്പെട്ടു.

എസ് വി വേണുഗോപൻ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം. സി വി ബാലകൃഷ്ണന്‍റെ ഏതേതോ സരണികളിൽ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ കുറുക്കൻ മാഷിന്‍റെ സ്കൂളിലൂടെ വി.ആ‍ർ സുധീഷ് ബാലസാഹിത്യ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കി. ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ കെ എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും വിശിഷ്ടാംഗത്വം നൽകി. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തിപത്രവുമാണ് ഇരുവർക്കും ലഭിക്കുക.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ കെ ജി പൗലോസ്, കെ അജിത, എം പി പരമേശ്വരൻ, സി എൽ ജോസ് എന്നിവർക്ക് സമ്മാനിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹാരയവർക്ക് മുപ്പതിനായിരം രൂപ വീതമാണ് ലഭിക്കുക.

ജീവചരിത്രം: തക്കിജ്ജ (എന്‍റെ ജയിൽ ജീവിതം), വിവർത്തനം : രമാ മേനോൻ (പർവതങ്ങളും മാറ്റൊലി കൊള്ളുന്നു), ഹാസ്യ സാഹിത്യം: ചൊവ്വല്ലുർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും), വൈജ്ഞാനിക സാഹിത്യം: എൻ ജെ കെ നായർ (നദീവിജ്ഞാനീയം) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.