LiveTV

Live

Kerala

പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് കാനം രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ സി.പി.ഐക്ക് നാല് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കാനം

പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് കാനം രാജേന്ദ്രന്‍

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം നടപ്പായില്ല. നിലവിലെ സെക്രട്ടറി എൻ. അനിരുദ്ധനെ മാറ്റി ആര്‍. രാജേന്ദ്രനെ നിയമിക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ് ജില്ലാ ഘടകം തള്ളിയത്. എന്നാല്‍ സെക്രട്ടറിയെ മാറ്റുമെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചരേ‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് നിലവിലെ കൊല്ലം ജില്ലാ സെക്രട്ടറിയായ എന്‍. അനിരുദ്ധനെ മാറ്റി ആര്‍. രാജേന്ദ്രനെ നിയമിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ അനിരുദ്ധന്‍, സംസ്ഥാന കൗണ്‍സിലിലും അംഗമാണ്. ഒരേസമയം, മൂന്നു പദവികള്‍ വഹിക്കുന്നതിനാലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത് എന്നായിരുന്നു വിശദീകരണം.

ഈ തീരുമാനം ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, കൌണ്‍സില്‍ യോഗങ്ങളില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ജില്ലാ ഘടകങ്ങള്‍ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം തള്ളി. നിലവിലെ സാഹചര്യത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ കഴിയില്ലെന്ന് ജില്ലാഘടകങ്ങള്‍ നിലപാടെടുത്തു. ഇതോടെ സംസ്ഥാന ഘടകത്തിന് വഴങ്ങേണ്ടി വന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയെ മാറ്റുമെന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ ചില പ്രശ്നങ്ങള്‍ ജില്ലാഘടകങ്ങളില്‍ ഉണ്ടെന്ന സൂചനയും നല്‍കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെപ്പോലെ നാല് സീറ്റുകളിലും സി.പി.ഐ തന്നെ മത്സരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.