LiveTV

Live

Kerala

പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാൾ മോശമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് കെ. സുധാകരന്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെ പ്രസംഗം

പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാൾ മോശമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് കെ. സുധാകരന്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാൾ മോശമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നാണ് കെ സുധാകരന്റെ പരാമര്‍ശം. കാസർകോട് യു.ഡി.എഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധാകരന്‍.

പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളേക്കാൾ മോശമായി എന്നതാണ് യാഥാർഥ്യമെന്ന് കെ സുധാകരൻ പറഞ്ഞു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കണ്ണൂരിൽ കൈകാലുകൾക്ക് സ്വാധീനമില്ലാത്ത ഒരു കുട്ടി തന്‍റെ എൽ പി സ്കൂൾ, യു പി സ്കൂളാക്കി ഉയർത്തിത്തരണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആ കുട്ടിയുടെ സ്കൂൾ, യു പി സ്കൂളാക്കി ഉയർത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്താണ് ആ കുട്ടി ഹൈസ്കൂളിലേക്ക് പാസാകുന്നത്. തന്‍റെ സ്കൂൾ, ഹൈസ്കൂൾ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയെന്നല്ലാതെ ഒരു സഹായവും പിണറായി ചെയ്തില്ലെന്നും കെ സുധാകരൻ പറഞ്ഞു.