LiveTV

Live

Kerala

കാവേരി നദീജല കരാർ; സുപ്രിം കോടതിയിൽ പുനഃപരിശോധന ഹരജി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

വെള്ളം വൈദ്യുതിക്കായാണ് ഉപയോഗിക്കുന്നതെന്ന സത്യവാങ്മൂലമാണ് കേരളത്തിന് തിരിച്ചടിയായത്. 

 കാവേരി നദീജല കരാർ; സുപ്രിം കോടതിയിൽ പുനഃപരിശോധന ഹരജി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

കാവേരി നദിയില്‍ നിന്നും കൂടുതല്‍ ജലം ലഭ്യമാകുമോ എന്ന കാര്യത്തില്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനക്കുള്ള സാധ്യത ആലോചിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. വെള്ളം വൈദ്യുതിക്കായാണ് ഉപയോഗിക്കുന്നതെന്ന സത്യവാങ്മൂലമാണ് കേരളത്തിന് തിരിച്ചടിയായത്. നിലവിലെ വിധിയനുസരിച്ച് ബാണാസുരസാഗര്‍ അണക്കെട്ട് വഴി കോഴിക്കോട് ജില്ലയ്ക്ക് കിട്ടുന്ന വെള്ളത്തിന്‍റെ അളവില് വലിയ കുറവുണ്ട്. വരുന്ന വേനലിലാകും ഈ വിധി തിരിച്ചടിയാവുകയെന്നും മന്ത്രി പറഞ്ഞു.

കാവേരി നദീജലകരാര്‍ പ്രകാരം നേരത്തെ കേരളത്തിന് ബാണാസുര സാഗര്‍ അണക്ക്ട്ട് വഴി 8 ടി.എം.സി വെള്ളമാണ് ലഭിച്ചിരുന്നത്. ട്രിബ്യൂണല്‍ വിധിയോടെ ഇത് .84 ടി.എം.സി മാത്രമായി മാറി. ബാണാസുര സാഗര്‍ വഴി കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്കാണ് ഈ വെള്ളമെത്തുന്നത്. കുറ്റ്യാടി പദ്ധതിയില്‍ വൈദ്യുതി ആവശ്യം കഴിഞ്ഞുള്ള ജലമാണ് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ട്രിബ്യൂണലില്‍ ജലവൈദ്യുത പദ്ധതിക്ക് മുന്‍ഗണന നല്കിയതാണ് കേരളത്തിന് തിരിച്ചടിയായതെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു.

വിധി വന്നതിന് ശേഷവും കേരളം എട്ട് ടി.എം.സി വെളളമെടുക്കുന്നുണ്ടെങ്കിലും ഇത് കര്‍ണ്ണാടകത്തിന് ഏത് സമയത്ത് വേണമെങ്കിലും തടയാം. വെള്ളത്തിന്റെ അളവ് കുറയുന്നത് വേനല്‍ക്കാലത്ത് വലിയ രീതിയില്‍ കോഴിക്കോട് ജില്ലയെ ബാധിക്കും. ഇക്കാര്യത്തില്‍ പുനഃപരിശോധനക്കുള്ള സാധ്യത സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.