ബിന്ദു തങ്കം കല്യാണിയുടെ മകളുടെ സ്കൂള്‍ പ്രവേശനം: പ്രവേശനം നല്കാന് തയ്യാറാണെന്ന് അഗളി സ്കൂള്‍
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആനക്കട്ടിയില്‍ സ്വകാര്യ വിദ്യാലയത്തില്‍ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയം മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് മടങ്ങിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നല്കാന് തയ്യാറാണെന്ന് അഗളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സഹ അധ്യാപകരും രക്ഷിതാക്കളും. അട്ടപ്പാടിയില്‍ തമിഴ്നാട് അതിര്‍ത്തിക്കുള്ളിലെ സ്വകാര്യ സ്കൂളില്‍ പ്രവേശനം നിഷേധിച്ചതിനാല്‍ പഠനം മുടങ്ങിയ ബിന്ദു തങ്കം കല്യാണിയുടെ മകളുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്നും അധ്യാപകരും രക്ഷാകര്‍തൃസമിതിയും പറയുന്നു.
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആനക്കട്ടിയില്‍ തമിഴ്നാട് അതിര്‍ത്തിക്കുള്ളിലെ സ്വകാര്യ വിദ്യാലയത്തില്‍ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയം മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടിയ്ക്ക് പ്രവേശനം നല്കാന് ഒരുക്കമാണെന്നും പഠനം തുടരാന്‍ വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാമെന്നും അഗളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപക രക്ഷാകര്‍തൃസമിതി ഭാരവാഹികള്‍ പറഞ്ഞു.
അഗളി ഹയര്‍ സെക്കന്‍ഡറി സ്കൂളിനെക്കുറിച്ച് ഇതേ സ്കൂളിലെ അധ്യാപികയായ ബിന്ദു തങ്കം കല്യാണി സ്കൂള്‍ അധികൃതര്‍ക്കു മുന്പിലോ മേലധികാരികള്‍ക്കു മുന്പിലോ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും സഹ അധ്യാപകര്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്കും പ്രവേശനം നിഷേധിക്കാന്‍ പൊതുവിദ്യാലയത്തിന് കഴിയില്ലെന്നും ബിന്ദു തങ്കം കല്യാണിയുടെ മകളുടെ കാര്യത്തിലും ഇതേ സമീപനമായിരിക്കുമെന്നും അധ്യാപകരും രക്ഷിതാക്കളും വിശദീകരിച്ചു.