യുവജന ക്ഷേമത്തിനുള്ള സർക്കാർ പദ്ധതികൾ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം: യൂത്ത് കോൺക്ലേവ്
യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിലാണ് വിസ്ഡം യൂത്ത് സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ ‘യൂത്ത് കോണ്‍ക്ലേവ്’ സംഘടിപ്പിച്ചത്.
യുവജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് ആവശ്യപ്പെട്ടു. മലപ്പുറം തിരൂർ ടൗൺഹാളിൽ നടന്ന സംസ്ഥാന യുവജന പ്രതിനിധി സമ്മേളനം ഡല്‍ഹിയിൽ നിന്നുള്ള സഞ്ജയ് സിംഗ് എം.പി ഉദ്ഘാടനം ചെയ്തു.
യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിലാണ് വിസ്ഡം യൂത്ത് സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ 'യൂത്ത് കോണ്‍ക്ലേവ്' സംഘടിപ്പിച്ചത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ നിന്നുള്ള സഞ്ജയ് സിംഗ് എംപി കോണ്‍ക്ലേവ് സംസ്ഥാന യുവജന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണകൂടം പിന്തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തിനാപത്താണെന്നും മതേതര ഇന്ത്യയുടെ മഹത്തായ പൈതൃകത്തിനെതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി. മമ്മുട്ടി എം.എല്‍.എ തുടങ്ങിയവരും സംസാരിച്ചു. രാജ്യത്ത് തൊഴിൽ അവസരങ്ങൾ കുറഞ്ഞ് വരുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ ഇത് ഗൗരവമായി കാണണമെന്നും യൂത്ത് കോൺക്ലേവ് ആവശ്യപ്പെട്ടു. മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നീക്കങ്ങൾ അപലപനീയമാണ്. ഇരു സഭകളും പാസാക്കിയ ബിൽ സാമൂഹിക അസന്തുലിതാവസ്ഥക്ക് ഇടയാക്കും. സംസ്ഥാനത്ത് കെ.എ.എസ്. നടപ്പാക്കുമ്പോൾ സംവരണ തത്വങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു.