LiveTV

Live

Kerala

53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് റെയ്ഡ്.

53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന. വ്യാപകക്രമക്കേട് നടക്കുന്നുണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. പൊലീസ് സ്റ്റേഷനുകളിലെ രേഖകൾ വിജിലന്‍സ് പിടിച്ചെടുത്തു.

മണൽ, ക്വാറി മാഫിയകൾക്ക് വേണ്ടി വഴിവിട്ട ഇടപാടുകൾ നടത്തുന്നു. പണമിടപാട് കേസുകളിൽ കോഴ വാങ്ങി ഒത്തു തീർപ്പുണ്ടാക്കുന്നു. അഭിഭാഷകർക്ക് കേസ് പിടിച്ചു നൽകി ഈ ഇനത്തിൽ പണം കൈപ്പറ്റുന്നു തുടങ്ങിയ ഇന്റലിജൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്.

സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് രാവിലെ പത്തര മുതൽ റെയ്ഡ് നടക്കുന്നത്. സ്റ്റേഷനിലെ രേഖകൾ വിജിലന്‍സ് പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ചിൽ മാത്രം 21 സ്റ്റേഷനുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. വിജിലൻസ് എസ്‌.പിമാരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും സ്റ്റേഷനുകളിൽ ഒരുമിച്ചു വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നത്. ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ക്രമക്കേടുകളുള്ള സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഓപ്പറേഷൻ തണ്ടർ എന്ന പേരിലുള്ള പരിശോധന ഇന്ന് വൈകിട്ട് വരെ പുരോഗമിക്കും.

സ്റ്റേഷനുകൾക്ക് പുറമെ നിരവധി സ്ഥലങ്ങളും വിജിലൻസ് പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനുകളിൽ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളും മറ്റു സാമഗ്രികളും വിജിലൻസ് പരിശോധിക്കും. പരിശോധനയില്‍ വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നു തന്നെയാണ് പ്രാഥമിക വിവരം.