LiveTV

Live

Kerala

ഏലൂര്‍ നഗരസഭയില്‍ കയ്യാങ്കളി; നഗരസഭാധ്യക്ഷയും പ്രതിപക്ഷ നേതാവും ആശുപത്രിയില്‍

കുടിവെളള പ്രശ്നവുമായി ബന്ധപ്പെട്ട് കൌണ്‍സില്‍ യോഗത്തിന് തൊട്ടുമുന്‍പ് നടന്ന തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

ഏലൂര്‍ നഗരസഭയില്‍ കയ്യാങ്കളി; നഗരസഭാധ്യക്ഷയും പ്രതിപക്ഷ നേതാവും ആശുപത്രിയില്‍

എറണാകുളം ഏലൂര്‍ നഗരസഭയില്‍ ഭരണ - പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭാധ്യക്ഷക്കും പ്രതിപക്ഷ നേതാവിനും മര്‍ദനമേറ്റതായി പരാതി. കുടിവെളള പ്രശ്നവുമായി ബന്ധപ്പെട്ട് കൌണ്‍സില്‍ യോഗത്തിന് തൊട്ടുമുന്‍പ് നടന്ന തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

ഏലൂരിലും സമീപ പ്രദേശങ്ങളിലുമുളള കുടിവെളള പ്രശ്നമുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭാധ്യക്ഷ ഇത് ചോദ്യംചെയ്യാന്‍ എത്തിയതോടെയാണ് തര്‍ക്കം കയ്യാങ്കളിയായത്. പ്രതിപക്ഷ നേതാവിനെ ഭരണപക്ഷാംഗങ്ങള്‍ തളളിയിട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിപക്ഷ നേതാവ് ചാര്‍ളി ജയിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിപക്ഷ കൌണ്‍സില്‍ യോഗം വൈകുന്നത് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറിയെ കൌണ്‍സില്‍ ഹാളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് നഗരസഭാധ്യക്ഷ പറയുന്നു. കൈക്ക് പരിക്കേറ്റ് നഗരസഭാധ്യക്ഷയും ആശുപത്രിയില്‍ ചികിത്സയിലാണ്.