LiveTV

Live

Kerala

കെ.എ.എസിലെ മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കെ.എ.എസിലെ മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പാക്കാന്‍  സര്‍ക്കാര്‍ തീരുമാനം

കേരള ഭരണ സർവീസിലെ മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കുന്ന രീതിയിൽ ഭേദഗതി കൊണ്ടുവരുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു. തസ്തിക മാറ്റത്തിൽ സംവരണം നൽകാൻ കഴിയില്ലെന്ന് നിലപാട് മാറ്റിയാണ് സർക്കാരിന് പുതിയ തീരുമാനം.

കേരള ഭരണ സര്‍വീസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കന്‍ കഴിയുന്ന രണ്ടും മൂന്നും ധാരകളില്‍ കൂടി സംവരണം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക ചട്ടങ്ങളില്‍ മാറ്റം വരുത്തും. പൊതുപ്രവേശനമുള്ള ആദ്യത്തെ ധാരയില്‍ ഉള്ളത് പോലെ പട്ടിക ജാതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് രണ്ടും മൂന്നും ധാരയിലും സംവരണം ഉറപ്പുവരുത്തും.

തസ്തിക മാറ്റമായതിനാല്‍ രണ്ടും മൂന്നും ധാരകളില്‍ സംവരണം പലിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള സര്‍ക്കാര്‍ നിലപാട്. നിയമസഭയിലും പുറത്തും മുഖ്യമന്ത്രി വിശദീകരിച്ചതും ഇക്കാര്യമായിരുന്നു. എല്ലാ ധാരകളിലും സംവരണം ആകാമെന്ന നിയമ സെക്രട്ടറി റിപ്പോര്‍ട്ടി നല്‍കിയിട്ടും എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ സംവരണം ആവശ്യപ്പെട്ട് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിലെന്നാണ് സൂചന.

തീരുമാനം മാറാന്‍ കാരണമായത് പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍

പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങളാണ് കെ.എ.എസിലെ സംവരണ അട്ടിമറി നീക്കത്തില്‍നിന്ന് പിന്മാറാന്‍ സംസ്ഥാന സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. പാർലമെൻറ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ സർക്കാരിനെതിരെ തിരിയുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനം ഒഴിവാക്കാനും ഇതിലൂടെ സര്‍ക്കാറിന് കഴിയും.

കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം ഒഴിവാക്കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നത് വലിയ പ്രക്ഷോഭമാണ്. ആദ്യ ഘട്ടത്തില്‍ പ്രസ്താവനകളില്‍ ഒതുങ്ങിനിന്ന പ്രതിഷേധം പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രക്ഷോഭങ്ങള്‍ക്ക് വഴിമാറി. മുസ്‍ലിം ലീഗ്, വെല്‍ഫയര്‍പാര്‍ട്ടി, കേരള ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ എന്നിവര്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ കൈകോര്‍ത്തു നിന്നു.

മുസ്‍ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രിയെ കണ്ട് സംവരണം ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. മുസ്‍ലിം ലീഗ് എം.എല്‍.എ അടിയന്തര പ്രമേയമായും ശ്രദ്ധ ക്ഷണിക്കലായും എല്ലാം കെ.എ.എസിലെ സംവരണ നിഷേധം നിയമസഭയില്‍ കൊണ്ടുവന്നു. നവോത്ഥാന പ്രക്ഷോഭത്തില്‍ സര്‍ക്കാരിനൊപ്പം നിലകൊണ്ടവരും സംവരണ വിഷയത്തില്‍ എതിര്‍സ്വരം ഉയര്‍ത്തി.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും സംവരണം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ പട്ടികജാതി സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയും സംവരണത്തിനായി വാദിച്ചു. പി.കെ.എസ് ജനറല്‍ സെക്രട്ടറി കെ, സോമപ്രസാദ് എം.പി പരസ്യമായി തന്നെ രംഗത്തു വന്നു. ഏറ്റവും ഒടുവില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തന്നെ പ്രത്യക്ഷ പ്രക്ഷോഭത്തിലിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക വിഭാഗങ്ങളിലെ പ്രതിഷേധങ്ങളെ സര്‍ക്കാരിന് കാണാതിരിക്കാന്‍ ആകുമായിരുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുന്നാക്ക സംവരണം കേരളത്തില്‍ നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നാക്ക സംവരണം നിഷേധിച്ച മുന്നാക്ക സംവരണം നടപ്പാക്കാന്‍ തീരുമാനിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ തിരിച്ചടിയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

സംവരണ നിഷേധം ചര്‍ച്ചയാക്കിയത് മീഡിയ വണ്‍

കേരള ഭരണ സര്‍വീസിന്റെ കരട് ചട്ടത്തില്‍ മൂന്നില്‍ രണ്ട് ധാരകളിലും സംവരണം ഒഴിവാക്കിയത് മീഡിയ വണ്‍ പുറത്തു കൊണ്ടു വന്നതോടെയാണ് സംവരണ നിഷേധം ചര്‍ച്ചയാകുന്നത്. മൂന്നില്‍ രണ്ട് നിയമനങ്ങളും തസ്തിക മാറ്റമായിനാല്‍ സംവരണം വേണ്ടെന്നായിരുന്നു സര്‍ക്കാര‍് നിലപാട്. പുതിയ കേഡര്‍ ആയതിനാല്‍ സംവരണം ആകാമെന്ന നിയമ സെക്രട്ടറിയുടെ നിയമോപദേശവും മറികടന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് പോയത്.

2017 ഡിസംബറിലാണ് കേരള ഭരണ സര്‍വീസിന്റെ കരട് ചട്ടം തയാറാകുന്നത്. മൂന്ന് ധാരകളായി ആയിരുന്നു നിയമനം. എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്ന മൂന്നിലൊന്ന് തസ്തിക. ഇതില്‍ സംവരണം വ്യവസ്ഥ ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ് രണ്ട് ധാരകള്‍. തസ്തിക മാറ്റ നിയമനമായതിനാല്‍ സംവരണം നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.സര്‍ക്കാര്‍ നിലപാടിനെ തള്ളുന്നതായിരുന്നു നിയമസെക്രട്ടറിയുടെ നിയമോപദേശം. തസ്തിക മാറ്റമാണ് പ്രയോഗമെങ്കിലും ഫലത്തില്‍ നേരിട്ടുള്ള നിയമനമാണെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കരട് ചട്ടം നിയമസഭയില്‍ എത്തിയപ്പോള്‍ മുസ്‍ലിം ലീഗ് എം.എല്‍.എ മാര്‍ സംവരണം ഉറപ്പുവരുത്തി ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു. എ.ജിയുടെ നിയമോപദേശം തേടാമെന്നായി മുഖ്യമന്ത്രി. തസ്തികമാറ്റത്തിന് സംവരണം വേണ്ടെന്നായിരുന്നു എ.ജി യുടെ നിയമോപദേശം. വിഷയം വീണ്ടും ശ്രദ്ധ ക്ഷണിക്കലായും അടിയന്തര പ്രമേയമായും സഭയിലെത്തി. ആദ്യ നിയമനം കഴിഞ്ഞ ശേഷം പ്രാതിനിധ്യക്കുറവുണ്ടെങ്കില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ആകാമെന്നായി മുഖ്യമന്ത്രി. ആദ്യ നിയമനത്തിന് ശേഷമുള്ള പരിശോധന സംവരണ അട്ടിമറിക്ക് വേണ്ടിയാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനടക്കം നിലപാടെടുത്തു. ഇതിനിടെ 2018 ഡിസംബറില്‍ അന്തിമ വിജ്ഞാപനമിറക്കാനുള്ള നീക്കത്തിലായി സര്‍ക്കാര്‍. പ്രതിഷേധം ശക്തമായതോടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ നടപടികള്‍ മരവിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ ധാരണയായി. അതിലും പ്രതിഷേധം തണുക്കാതായതോടെ സംവരണം ഉറപ്പുവരുത്തി ചട്ടഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.