LiveTV

Live

Kerala

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. 

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കൊച്ചി ബ്യൂട്ടിപാർലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലർ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണസംഘം നടിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസ് ക്രൈംബ്രാഞ്ച് സംയുക്തസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടി ലീന മരിയാ പോള്‍ രണ്ടാം വട്ടവും മൊഴി നല്‍കാനെത്തിയത്. കേസ് അന്വേഷിക്കുന്ന പൊലീസ് - ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന് പൊലീസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചതിന് പിന്നാലെ മുന്‍പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍വ്യക്തത വരുത്താനാണ് ലീനയെ വിളിച്ച് വരുത്തിയത്. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനാകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അന്വേഷണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് എന്തെങ്കിലും സൂചന ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി കഴിഞ്ഞ ദിവസം പൊലീസ് - ക്രൈംബ്രാഞ്ച് സംയുക്തസംഘം രൂപീകരിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായി എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 15 നാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കൊച്ചിയില്‍ ലീനമരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്.

Also read: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ലീന മരിയ പോള്‍ മൊഴി നൽകി

Also read: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ലീന മരിയ പോളിന്റെ മൊഴിയെടുക്കുന്നത് വൈകും

Also read: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും