LiveTV

Live

Kerala

ശബരിമല യുവതീ പ്രവേശനം; ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി

സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കിയാല്‍ മാറ്റങ്ങളുണ്ടാകും. ഈ മണ്ഡലകാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ആവർത്തിക്കരുതെന്നും പന്തളം കൊട്ടാരം നിര്‍വഹാക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.  

ശബരിമല യുവതീ പ്രവേശനം; ഏത് ചര്‍ച്ചക്കും  തയ്യാറാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം.സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കിയാല്‍ മാറ്റങ്ങളുണ്ടാകും. ഈ മണ്ഡലകാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ആവർത്തിക്കരുതെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.

അതേസമയം മകരമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടച്ചു. ഗണപതി ഹോമം കഴിഞ്ഞ് ദർശനം പൂർത്തിയാക്കി രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങിയതോടെയാണ് മകരമാസ പൂജകൾക്ക് സമാപനമായത്. ഇനി കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് ആണ് നട തുറക്കുക.

പുലർച്ചെ അഞ്ചു മണിയ്ക്ക് ക്ഷേത്ര നട തുറന്നു. തുടർന്ന് നിർമാല്യം. ഇന്ന് രാജപ്രതിനിധിയ്ക്ക് മാത്രമേ ദർശനം ഉണ്ടായിരുന്നുള്ളു. മേൽശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ച് കയ്യില്‍ അമ്പും വില്ലും നല്‍കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച്ച ഒരുക്കി. ദർശനം പൂർത്തിയാക്കി രാജ പ്രതിനിധി പതിനെട്ടാം പടിയിറങ്ങിയതോടെ നടയടച്ചു.

സന്നിധാനത്തെ ചടങ്ങുകള്‍ക്കുശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്ര തുടർന്നു. തിരുവാഭരണ മടക്കയാത്ര 22-ന് വൈകിട്ട് അഞ്ചിന് ആറന്മുള ക്ഷേത്രത്തിൽ എത്തും. 23-ന് പുലര്‍ച്ചെ ആറന്മുളയില്‍ നിന്നും പുറപ്പെട്ട് പന്തളം കൊട്ടാരത്തില്‍ എത്തുന്ന തിരുവാഭരണം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത അറയില്‍ സൂക്ഷിക്കും. രാജപ്രതിനിധി ക്ഷേത്രത്തിനു ചുറ്റും വലംവച്ച് ഉടവാളും അറയില്‍ എത്തിച്ചു മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.