LiveTV

Live

Kerala

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഇടയലേഖനം വായിച്ചു; പ്രതിഷേധവുമായി കത്തോലിക്ക നവീകരണ സമിതി

ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ നിലപാടെടുത്തപശ്ചാത്തലത്തിലാണ് സഭ സിനഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ  ഇടയലേഖനം വായിച്ചു; പ്രതിഷേധവുമായി കത്തോലിക്ക  നവീകരണ സമിതി

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ സിറോ മലബാര്‍ സഭയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചു . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സഭ സിനഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇടയലേഖനം കത്തിച്ച് കത്തോലിക്ക നവീകരണ സമിതി പ്രവര്‍ത്തകര്‍ എറണാകുളം ബിഷപ്പ് ഹൌസിന് മുന്നില്‍ പ്രതിഷേധിച്ചു.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും അല്‍മായര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള തീരുമാനം കഴിഞ്ഞ സിനഡിലാണ് സഭ കൈക്കൊണ്ടത്. തീരുമാനത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടലേഖനം ഇന്ന് ദേവാലയങ്ങളില്‍ വായിച്ചതോടെയാണ് കത്തോലിക്ക നവീകരണ സമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്.

രാവിലെ 11 മണിയോടെ എറണാകുളം - അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൌസിനു മുന്നില്‍ പ്രതിഷേധക്കാരെത്തി. എന്നാല്‍ പ്രതിഷേധക്കാരെ എതിര്‍ത്ത് രണ്ട് വിശ്വാസികള്‍ എത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷ സാധ്യത നിലനിന്നു. വിശ്വാസികളെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റിയതോടെയാണ് നവീകരണ സമിതി പ്രവര്‍ത്തകര്‍ ഇടയലേഖനം കത്തിച്ചത്. വൈദികര്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നും എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള സഭയുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സമര സമിതി അംഗങ്ങള്‍ വ്യക്തമാക്കി.