LiveTV

Live

Kerala

ശരിഅത്ത് ഭേദഗതി ചട്ടം; യൂത്ത് ലീഗും സമസ്തയും തമ്മിലുള്ള പോര് ശക്തമാകുന്നു

ചില ഭേദഗതി നിര്‍ദേശങ്ങള്‍ മാത്രം ഫിറോസ് മുന്നോട്ട് വയ്ക്കുമ്പോള്‍ ഈ നിലപാടിനെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയും രംഗത്ത് എത്തി.

ശരിഅത്ത് ഭേദഗതി ചട്ടം; യൂത്ത് ലീഗും സമസ്തയും തമ്മിലുള്ള പോര് ശക്തമാകുന്നു

മുസ്‍ലിം മത സംഘടനകള്‍ ശക്തമായി എതിര്‍ത്ത ശരിഅത്ത് ഭേദഗതി റൂളിനായി നടത്തിയ ഇടപടലുകളെയും റൂളിനേയും പരോക്ഷമായി ന്യായീകരിക്കുന്ന നിലപാട് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ചില ഭേദഗതി നിര്‍ദേശങ്ങള്‍ മാത്രം ഫിറോസ് മുന്നോട്ട് വയ്ക്കുമ്പോള്‍ ഈ നിലപാടിനെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയും രംഗത്ത് എത്തി. ഇതോടെ യൂത്ത് ലീഗും സമസ്തയും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമായി.

വിവാദമായ ശരിഅത്ത് ഭേദഗദി റൂള്‍ രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ എത്തിച്ചത് യൂത്ത് ലീഗിന്റെ എടുത്തു ചാട്ടമാണെന്ന വിമര്‍ശനം പാര്‍ട്ടിയ്ക്കുള്ളിലും മതസംഘടനകള്‍ക്കിടയിലും ശക്തമാണ്. ഇത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ വെട്ടിലാക്കി. ആ സാഹചര്യത്തിലായിരുന്നു ആറ് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായി ഫിറോസ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. തൊട്ടു പിന്നാലെ അത്രയും തന്നെ ചോദ്യങ്ങളുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയും ഫിറോസിനെതിരെ കടുത്ത വിമര്‍ശനുവുമായി രംഗപ്രവേശനം നടത്തി. റൂള്‍ രൂപീകരിക്കാനായി നടത്തിയ ഇടപെടലിനെ നജ്മല്‍ ബാബുവിന്റെ വിഷയം ഉയര്‍ത്തി ഫിറോസ് ന്യായീകരിച്ചപ്പോള്‍ ആകാശത്ത് കൂടി പോയ മാറാപ്പ് ചാടിപ്പിടിക്കുകയായിരുന്നു ചിലരെന്നും ഒരാവര്‍ത്തി പോലും വായിച്ചു നോക്കാതെ പിതൃത്വം ഏറ്റെടുത്തത് മണ്ടത്തരമല്ലേയെന്നുമായിരുന്നു മുണ്ടുപാറയുടെ തിരിച്ചടി.

പൊന്നാനിയുടേയും തര്‍ബിയത്തിന്റെ ആധികാരികത നേരത്തെ തന്നെ ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടതാണെന്ന ഫിറോസ് വിശദീകരിക്കുമ്പോള്‍ അതിന് ചട്ടമുണ്ടാക്കാനായി സമ്മര്‍ദ്ദം ചെലുത്തിയവര്‍ വിഷയത്തെ ഗുരുതരമാക്കുയാണ് ചെയ്തതെന്ന വിമര്‍ശനമാണ് മുണ്ടുപാറ ഉയര്‍ത്തുന്നു. എല്ലാവരും ഡിക്ലറേഷന്‍ നല്‍കേണ്ടി വരില്ലെന്ന് ഫിറോസ് വിശദീകരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭേദഗതിയെ ന്യായീകരിക്കുന്നത് വിണിടത്ത് കിടന്ന് ഉരുളലല്ലോ എന്നാണ് മറു ചോദ്യം. ഒപ്പം ഇക്കാര്യം ആദ്യം പറഞ്ഞത് പാര്‍ട്ടി എം.എല്‍.എ തന്നെയാണെന്ന് ഫിറോസിനെ ഓര്‍മ്മിപ്പിക്കയും ചെയ്തു. ഇത്തരത്തില്‍ ഫിറോസിന്റെ എല്ലാ വിശദീകരണങ്ങളെയും സമസ്ത ചോദ്യം ചെയ്യുന്നു. ശരിഅത്ത് ഭേദഗതിയില്‍ ചെറിയ മാറ്റങ്ങള്‍ മതിയെന്ന ഫിറോസിന്റെ വിശദീകരണത്തിന് അതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന് തീര്‍ത്തു പറഞ്ഞാണ് സമസ്ത നേതാവ് മറുപടി അവസാനിപ്പിക്കുന്നത്.