LiveTV

Live

Kerala

ശാന്തന്‍പാറ ഇരട്ടകൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പ്രതി

കൃത്യം നടത്തിയതിന് ശേഷം തേവാരം മേട്ട് കാട്ടിലൂടെ ഒമ്പത് കിലോമീറ്റര്‍ നടന്ന് രൂപം മാറിയാണ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പൊലീസ്

ശാന്തന്‍പാറ ഇരട്ടകൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പ്രതി

ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം ചിന്നക്കനാലില്‍ എസ്‌റ്റേറ്റ് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്ന് പ്രതി ബോബിന്റെ മൊഴി. ശാന്തന്‍പാറ പൊലീസിനാണ് മൊഴി നല്‍കിയത്. കൃത്യം നടത്തിയ ശേഷം തേവാരംമെട്ട് വനത്തിലൂടെ കാല്‍നടയായാണ് പ്രതി തമിഴാനാട്ടിലേക്ക് കടന്നതെന്നും പൊലീസിന് മൊഴി ലഭിച്ചു. തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മൂന്നാര്‍ ഗ്യാപ് റോഡിന് സമീപം ശാന്തന്‍പാറയ്ക്ക് അടുത്ത് ചിന്നക്കനാലില്‍ നടുപ്പാറ എസ്റ്റേറ്റ് ഉടമ രാജേഷിനെയും, ജീവനക്കാരന്‍ മുത്തയ്യയെയും കൊന്നത് ഏലയ്ക്കാ മോഷണത്തിനിടെയെന്ന കേസിലെ സുപ്രധാന മൊഴിയാണ് പുറത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു എസ്‌റ്റേറ്റിലെ മാനേജര്‍ കൂടിയായ പ്രതി ബോബിന്‍ ഇരുവരെയും കൊലപ്പെടുത്തിയത്.

എസ്‌റ്റേറ്റിലെ സ്‌റ്റോറില്‍നിന്ന് 146 കിലോഗ്രാം ഏലയ്ക്കയാണ് ബോബിന്‍ മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ ഇത് വില്‍പന നടത്തിയശേഷം തേവാരംമെട്ട് വനത്തിലൂടെ കാല്‍നടയായി ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച് തേനി, വഴിയാണ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നത്. ഇതിനിടെ താടിയും മുടിയും വെട്ടി പ്രതി രൂപം മാറി. കൃത്യം നടത്തിയ രാത്രി ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബോബിനെ ആശുപതിയിലെത്തിക്കാനും താമസമൊരുക്കിയതിനും കൂട്ടുനിന്ന ചേരിയാര്‍ സ്വദേശികളായ കപില ഇസ്രവേല്‍ ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കപിലയുമായി കുറച്ച് മാസങ്ങളായി പ്രതി ബോബിന് അടുപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കപിലയെ കടത്തിക്കൊണ്ട് പോകാനുള്ള പദ്ധതിയും പ്രതി ബോബിനുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 146കിലോഗ്രാം ഏലയ്ക്ക് വിറ്റ് ലഭിച്ച 1,80,000 രൂപയില്‍ 20,000 രൂപ പ്രതി കപിലയ്ക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. പാലാരിവട്ടം, എറണാകുളം എന്നീ സ്‌റ്റേഷുനകളില്‍ പ്രതിയുടെ പേരില്‍ മുമ്പും മോഷണകേസുകള്‍ ഉണ്ട്. ബോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തുകയാണ്.