LiveTV

Live

Kerala

ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്

തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു.

ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്

തന്നെ തകര്‍ക്കാനായി ആസൂത്രിതമായി നിര്‍മിച്ച വ്യാജ സിഡിയാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയതെന്ന് കാരാട്ട് റസാഖ്. എല്‍.ഡി.എഫ് നേതാക്കളുമായി ആലോചിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു. കെ. എം ഷാജിയുടെ കേസുമായി കാരാട്ട് റസാഖിന് എതിരായ വിധിയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രി കെ.ടി ജലീലും പ്രതികരിച്ചു.

കോടതിയില്‍ ഹാജരാക്കപ്പെട്ട സിഡിയുമായി തനിക്കോ തന്റെ ഒപ്പമുള്ളവര്‍ക്കോ ഒരു ബന്ധവുമില്ല. ഇതെല്ലാം തന്നെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. സിഡി വ്യാജമാണെന്ന റിപോര്‍ട്ട് ഉണ്ടായിട്ടും കോടതി എന്ത് കൊണ്ട് തന്നെ അയോഗ്യനാക്കിയെന്ന് മനസിലാകുന്നില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇടത് നേതാക്കളുമായുള്ള കൂടിയാലോചന കഴിഞ്ഞാലുടന്‍ സുപ്രിം കോടതിയെ സമീപിക്കും. കെ.എം ഷാജിയുടെ കേസുമായി തന്റെ കേസിനെ സമീകരിക്കാനാവില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. സമാനമായ നിലപാടായിരുന്നു മന്ത്രി കെ.ടി ജലീലും പങ്കു വെച്ചത്.

അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി ജലീല് പറഞ്ഞു‍. കാരാട്ട് റസാഖിന്റെത് സാധാരണ തെരഞ്ഞെടുപ്പ് കേസാണ്. ഷാജിയുടേത് മതത്തെ ഉപയോഗിച്ചെന്നാണ് കേസെന്നും ജലീല്‍ കോഴിക്കോട് പറഞ്ഞു.വഖഫ് ട്രൈബ്യൂണലില്‍ നിഷ്പക്ഷരെയാണ് നിയമിച്ചതെന്നും ജലീല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമസ്ത ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.