LiveTV

Live

Kerala

കാരാട്ട് റസാക്ക് സുപ്രിം കോടതിയിലേക്ക്; സി.പി.എം നേതാക്കളുമായി കൂടിയാലോചന നടത്തും

വിവാദ വീഡിയോയിലുള്ളത് സി.പി.എം പ്രാദേശിക നേതാവായതിനാല്‍ വ്യാജമാണന്ന നിലപാട് കോടതിയില്‍ എത്രത്തോളം അനുകൂലമാകുമെന്ന ചിന്തയിലാണ് ഇടത് ക്യാമ്പ്.

 കാരാട്ട് റസാക്ക് സുപ്രിം കോടതിയിലേക്ക്; സി.പി.എം നേതാക്കളുമായി കൂടിയാലോചന നടത്തും

എം.എല്‍.എ സ്ഥാനത്ത് നിന്ന് കാരാട്ട് റസാക്കിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി എങ്ങനെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ആശങ്ക. വിവാദ വീഡിയോയിലുള്ളത് സിപിഎം പ്രാദേശിക നേതാവായതിനാല്‍ വ്യാജമാണന്ന നിലപാട് കോടതിയില്‍ എത്രത്തോളം അനുകൂലമാകുമെന്ന ചിന്തയിലാണ് ഇടത് ക്യാമ്പ്. സി.പി.എം നേതൃത്വവുമായി ആലോചിച്ചതിന് ശേഷം കാരാട്ട് റസാക്ക് ഉടന്‍ തന്നെ സുപ്രിം കോടതിയെ സമീപിക്കും. ഹൈക്കോടതി വിധിയില്‍ തുടക്കം മുതല്‍ കാരാട്ട് റസാക്ക് എടുത്തിരിക്കുന്ന നിലപാടാണിത്. ഇനി കേസിന് കാരണമായ വീഡിയോ കാണാം.

ഇതിലുള്ളത് മുഹമ്മദ് എന്ന കൊടുവള്ളി മണ്ഡലത്തിലെ വോട്ടറും എന്‍.കെ സുരേഷ് എന്ന സി.പി.എം നേതാവുമാണ്.തെരഞ്ഞെടുപ്പ് സമയത്ത് കിഴക്കോത്ത് പഞ്ചായത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സുരേഷ് പഞ്ചായത്തിലെ കാരാട്ട് റസാക്കിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായിരുന്നു. നിലവില്‍ സി.പി.എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്.അതുകൊണ്ട് വ്യാജ വീഡിയോയാണെന്ന നിലപാട് സുപ്രിം കോടതിയിലും എടുത്താല്‍ എന്‍.കെ സുരേഷ് അതിലെങ്ങനെ ഉള്‍പ്പെട്ടുവെന്ന് പറയേണ്ടി വരുമെന്നാണ് കാരാട്ട് റസാക്കിന് പ്രാഥമികമായി ലഭിച്ച നിയമോപദേശം. മാത്രവുമല്ല എം.എ റസാക്ക് മാസ്റ്റര്‍ക്കെതിരെ വീഡിയോയില്‍ ആരോപണം ഉന്നയിക്കുന്ന മുഹമ്മദ് കോടതിയില്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുമുണ്ട്.അതിനാല്‍ സി.പി.എം നേതൃത്വവുമായി നടത്തുന്ന കൂടിയാലോചനകളിലാണ് സുപ്രിം കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീംലീഗ് ഇന്നലെ കൊടുവള്ളി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.