LiveTV

Live

Kerala

ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് 

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്

ബാര്‍ കോഴ കേസില്‍  തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് 

ബാര്‍ കോഴകേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എന്നാല്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥക്കെതിരെ വി.എസ് അച്യുതാനന്ദനും പരാതിക്കാരനായ ബിജു രമേശും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് അന്വേഷണ നിയമം ഭേദഗതി ചെയ്തത് 2018ലാണെന്നും എന്നാല്‍ 2014ല്‍ തന്നെ ബാര്‍ കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഇന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ല. മുന്‍കൂര്‍ അനുമതി വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വന്നത് 2018ലാണ്. എന്നാല്‍ 2014ല്‍ തന്നെ ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാത്രവുമല്ല ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലാതെ വരുന്ന കേസുകള്‍ക്ക് ഈ ഭേദഗതി ബാധകമല്ലെന്നാണ് വിജിലന്‍സിന്‍റ നിലപാട്. കേസ് റദ്ദാക്കണമെന്ന കെ.എം മാണിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.