LiveTV

Live

Kerala

സ്പീക്കറുടെ നിലപാടെന്തെന്ന് ലീഗ്; എല്ലാവരോടും ഒരേ സമീപനമെന്ന് സ്പീക്കര്‍ 

ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട്, കാരാട്ട് റസാഖിന്റെ കാര്യത്തില്‍ സ്പീക്കര്‍ എടുക്കുമോയെന്ന് ലീഗ് ചോദിച്ചു

സ്പീക്കറുടെ നിലപാടെന്തെന്ന് ലീഗ്; എല്ലാവരോടും ഒരേ സമീപനമെന്ന് സ്പീക്കര്‍ 

കാരാട്ട് റസാഖിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ലീഗിന്‍റെ രാഷ്ട്രീയനീക്കം. ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട്, കാരാട്ട് റസാഖിന്റെ കാര്യത്തില്‍ സ്പീക്കര്‍ എടുക്കുമോയെന്ന് ലീഗ് ചോദിച്ചു. എല്ലാവരോടും ഒരേ സമീപനമായിരിക്കുമെന്നാണ് സ്പീക്കറുടെ വിശദീകരണം.

കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ ഉടന്‍ തന്നെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് നേടിയാണ് ഷാജി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഇത് രാഷ്ട്രീയ നീക്കമാണെന്ന് ആ ഘട്ടത്തില്‍ ലീഗ് ആക്ഷേപം ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധി വന്നയുടന്‍ തന്നെ എം.കെ മുനീറും കെ.എം ഷാജിയും അടക്കമുള്ളവര്‍ സ്പീക്കര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന പ്രതികരണവുമായി രംഗത്ത് എത്തി. സ്പീക്കറെ ഇതിലൂടെ വെട്ടിലാക്കാനായിരുന്നു ഇവരുടെ ശ്രമം

എന്നാല്‍ തനിക്ക് രണ്ട് പേരോടും ഒരേ സമീപനമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഏതായാലും സ്പീക്കര്‍ കാരാട്ട് റസാഖിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന തീരുമാനം ഷാജിയുടേതില്‍ നിന്ന് വ്യത്യസ്തമായാല്‍ യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുമെന്ന് ലീഗ് നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.