LiveTV

Live

Kerala

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കി

മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കുകയായിരുന്നു. പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ചുവെന്നും യുവതികള്‍ പറഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കി

ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നിന്ന് പൊലീസ് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് പുലര്‍ച്ചെ നാല് മണിയോടെ പമ്പയില്‍ നിന്നും മലകയറിയത്. സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നെന്നും എന്നാല്‍ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.

പുലര്‍ച്ചെ നാലുമണിയോടെയാണ് ഒമ്പത് അംഗ സംഘം പമ്പയില്‍നിന്ന് മല കയറിയത്. 200 മീറ്റര്‍ മാത്രം മുന്നോട്ട് നീങ്ങിയ ഇവരെ നീല മലയില്‍ അഞ്ചില്‍ താഴെ വരുന്ന പ്രതിഷേധക്കാര്‍ രേഖകള്‍ പരിശോധിച്ച് തടഞ്ഞു. എന്നാല്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയേങ്കിലും നേരം പുലര്‍ന്നതോടെ ശരണം വിളികളുമായി കൂടുതല്‍ പ്രതിഷേധക്കാരെത്തി.എന്നാല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങൂവെന്നായിരുന്നു യുവതികളുടെ നിലപാട്.

പിന്നീട് മൂന്നര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം. ഒടുവില്‍ 7.45 ഓടെ പൊലീസ് ഇവരെ തിരിച്ചിറക്കി. കൂക്കു വിളികളുമായി പ്രതിഷേധക്കാരും പിന്തുടര്‍ന്നു. നേരത്തെ സജ്ജമാക്കിയിരുന്ന രണ്ട് വാഹനങ്ങളിലായി യുവതികളെയും കൂടെയുള്ള പുരുഷന്മാരെയും കൊണ്ടുപോയി. എന്നാല്‍ ബലം പ്രയോഗിച്ചാണ് തങ്ങളെ പൊലീസ് തിരിച്ചിറക്കിയത് എന്നും പോലീസ് നില്‍പാടില്‍ പ്രതിഷേധിച്ച് നിരാഹാരം ആരംഭിക്കുകയാണ് എന്നും യുവതികള്‍ പ്രതികരിച്ചു.

നേരത്തെ മണ്ഡലമകരവിളക്ക് സമയത്തുതന്നെ ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞത് പ്രാകൃതമെന്ന് ദേവസ്വം മന്ത്രി

വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രാകൃതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുണ്ടായിസമായി ഇത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ പാടില്ല. നൂറ് കണക്കിന് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.