LiveTV

Live

Kerala

മുസ്‍ലിം ലീഗിന് വഴങ്ങുന്നില്ല; ജാമിഅ സമ്മേളനത്തില്‍ നിന്നും സത്താര്‍ പന്തല്ലൂരിനെ ഒഴിവാക്കി, സമസ്തക്ക് പ്രതിഷേധം

സെമിനാര്‍ സെഷനുകളില്‍ ഒന്നില്‍ സത്താര്‍ പന്തല്ലൂരിന്റെ പേര് ഉള്‍പ്പെടുത്തുകയും ഇത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് സത്താര്‍ പന്തല്ലൂരിനെ ഒഴിവാക്കാന്‍ രഹസ്യ തീരുമാനം ഉണ്ടായെന്നാണ് വിവരം

മുസ്‍ലിം ലീഗിന് വഴങ്ങുന്നില്ല; ജാമിഅ സമ്മേളനത്തില്‍ നിന്നും സത്താര്‍ പന്തല്ലൂരിനെ ഒഴിവാക്കി, സമസ്തക്ക് പ്രതിഷേധം

പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിന്റെ സനദ് ദാന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിനെ പങ്കെടുപ്പിക്കാത്തില്‍ സമസ്തക്ക് പ്രതിഷേധം. ജാമിഅയുടെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഭൂരിഭാഗവും മുസ്‍ലിം ലീഗ് നേതാക്കളായതിനാല്‍ നടത്തിപ്പില്‍ സമസ്തക്ക് കാര്യമായ നിയന്ത്രണങ്ങളില്ല. അഞ്ചുദിനം നീണ്ട സമ്മേളനത്തില്‍ നിരവധി സെഷനുകള്‍ ഉണ്ടായിട്ടും സത്താറിനെ ഒന്നില്‍ പോലും പങ്കെടുപ്പിക്കാതിരുന്നത് മുസ്‍ലിം ലീഗിലെ ചിലരുടെ ആസൂത്രിത തീരുമാനത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് സമസ്ത.
സമസ്തയിലെ ഏറ്റവും ശക്തനായ യുവനേതാവാണ് സത്താര്‍ പന്തല്ലൂര്‍. പല വിഷയങ്ങളിലും മുസ്‍ലിം ലീഗിന് വഴങ്ങാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതാണ് സത്താര്‍ പന്തല്ലൂരിനെ ലക്ഷ്യമിട്ടതിന് പിന്നിലെന്നാണ് സൂചന.

സത്താര്‍ പന്തല്ലൂര്‍
സത്താര്‍ പന്തല്ലൂര്‍

മുസ്‍ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമ്മേളനത്തിലെ പ്രോഗ്രാമുകള്‍ നിശ്ചയിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. സെമിനാര്‍ സെഷനുകളില്‍ ഒന്നില്‍ സത്താര്‍ പന്തല്ലൂരിന്റെ പേര് ഉള്‍പ്പെടുത്തുകയും ഇത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് സത്താര്‍ പന്തല്ലൂരിനെ ഒഴിവാക്കാന്‍ രഹസ്യ തീരുമാനം ഉണ്ടായെന്നാണ് വിവരം. നോട്ടീസില്‍ സത്താറിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായക്ക് നല്‍കുന്ന അവാര്‍ഡ് സ്വീകരിക്കാന്‍ ഉള്ള ക്ഷണം മാത്രമാണ് സത്താര്‍ പന്തല്ലൂരിന് ഉണ്ടായിരുന്നത്.

എസ്.കെ.എസ്.എസ്.എഫ് വിഖായക്ക് ജാമിഅ സമ്മേളനത്തിൽ നൽകിയ പുരസ്കാരം ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഏറ്റുവാങ്ങുന്നു.
എസ്.കെ.എസ്.എസ്.എഫ് വിഖായക്ക് ജാമിഅ സമ്മേളനത്തിൽ നൽകിയ പുരസ്കാരം ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഏറ്റുവാങ്ങുന്നു.

സാധാരണ എസ്.കെ.എസ്.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിക്ക് പ്രധാനപ്പെട്ട ഏതെങ്കിലും സെഷനില്‍ പ്രസംഗിക്കാനുള്ള അവസരം നല്‍കുന്ന പതിവുണ്ട്. ആ കീഴ് വഴക്കം ഇത്തവണ ലംഘിച്ചു.
സാദിഖലി തങ്ങളെ കൂടാതെ ലീഗ് നേതാക്കളായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എം.സി മായിന്‍ ഹാജി തുടങ്ങിയവരും ജാമിഅയുടെ മാനേജിംഗ് കമ്മിറ്റിയിലുണ്ട്. അതിനാല്‍ തന്നെ മുസ്‍ലിം ലീഗിന്റെ താല്‍പര്യമാണ് സത്താറിനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന.
സത്താറിനെ ഒഴിവാക്കിയത് സമസ്തയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
ആദ്യാവസാനം മുസ്‍ലിം ലീഗ് നേതാക്കള്‍ നിറഞ്ഞു നിന്ന സമ്മേളനത്തില്‍ സമസ്തയുടെ പ്രധാനപ്പെട്ട യുവനേതാവിനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന വികാരം എസ്.കെ.എസ്.എസ്.എഫിലുണ്ട്.
സമസ്തയുടെ പരിപാടികളില്‍ സാധാരണ ക്ഷണിക്കാത്ത കെ.എം ഷാജി, പി.കെ ഫിറോസ് തുടങ്ങിയവര്‍ക്കും ജാമിഅ സമ്മേളനത്തില്‍ അവസരം നല്‍കി.

തന്റെ അറിവോടെയല്ല സത്താര്‍ പന്തല്ലൂരിനെ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ജാമിഅയുടെ പ്രിന്‍സിപ്പല്‍ പ്രഫ. കെ.ആലിക്കുട്ടി മുസ്‍ലിയാര്‍ സംഘടനയില്‍ വിശദീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്ട് നടന്ന സമസ്തയുടെ നേതൃയോഗത്തില്‍ വിഷയം ഗൗരവത്തോടെയാണ് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരാമര്‍ശിച്ചത്

തന്റെ അറിവോടെയല്ല സത്താര്‍ പന്തല്ലൂരിനെ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ജാമിഅയുടെ പ്രിന്‍സിപ്പല്‍ പ്രഫ. കെ.ആലിക്കുട്ടി മുസ്‍ലിയാര്‍ സംഘടനയില്‍ വിശദീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്ട് നടന്ന സമസ്തയുടെ നേതൃയോഗത്തില്‍ വിഷയം ഗൗരവത്തോടെയാണ് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരാമര്‍ശിച്ചത്. ചെമ്പരിക്ക ഖാദിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചതിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ സംഘാടക ചുമതല സത്താര്‍ പന്തല്ലൂരിനാണ് നല്‍കിയത്. സത്താറിന് സംഘടനയിലുള്ള സ്ഥാനവും പ്രാധാന്യവും മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്താനാണ് സംഘാടക ചുമതല നല്‍കിയതെന്നാണ് വിവരം.