കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദ്ദേശം; നാളെ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് യൂണിയനുകളോട് കോടതി

കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ചർച്ചകൾ നാളെയും തുടരുമെന്ന് കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.
കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. രാവിലെ ഹരജി പരിഗണിച്ച കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് നീട്ടിവെച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നിയമപരമായ പരിഹാരം കാണാനുള്ള മാര്‍ഗമുള്ളപ്പോൾ എന്തിന് പണിമുടക്ക് പോലുള്ള മറ്റ് മാർഗങ്ങൾ തേടണമെന്നും കോടതി ചോദിച്ചു. പിന്നീട് ഉച്ചയ്ക്ക് ശേഷം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്നു നടത്തിയ ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ടെന്നും നാളെയും ചര്‍ച്ച തുടരുമെന്നുമായിരുന്നു കെ.എസ്.ആര്.ടി.സിയുടെ വിശദീകരണം.
പണിമുടക്കിന് ജനുവരി ഒന്നിന് നോട്ടീസ് നൽകിയിട്ട് ഇന്നാണോ ചർച്ച നടത്തിയതെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് കേൾക്കാനുള്ള ബാധ്യത എംഡിക്കുണ്ടെന്നും കോടതി സൂചിപ്പിച്ചു. ഒത്തുതീർപ്പിന് വേദി നൽകേണ്ടത് മാനേജ്മെന്റാണ്. പ്രശ്നപരിഹാരത്തിന് തൊഴിലാളികൾക്ക് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. പ്രശ്നം പരിഹരിക്കുന്നതിൽ എംഡിയുടെ നിലപാട് ശരിയല്ലന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.
കെ.എസ്.ആര്.ടി.സിയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ലേ പ്രധാനം? നിയമപരമായ പരിഹാരം കാണാനുള്ള മാര്‍ഗമുള്ളപ്പോള്‍ എന്തിന് പണിമുടക്ക് പോലുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി ചോദിച്ചു.
സമരം നിയമപരമായ നടപടിയല്ല. സിണ്ടിക്കേറ്റ് ബാങ്ക് കേസില്‍ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ നോട്ടീസ് നല്കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്നും കോടതി ചൂണ്ടികാട്ടി.