LiveTV

Live

Kerala

വിജയസാധ്യതയുള്ളവരെ കണ്ടെത്തി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് 

അടുത്ത മാസം 20ന് മുമ്പായി സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ത്തിയാക്കാനാണ് നീക്കം.

വിജയസാധ്യതയുള്ളവരെ കണ്ടെത്തി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സംഘടന ചുമതലയുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥികള്‍ ആക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. അടുത്ത മാസം 20ന് മുമ്പായി സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ത്തിയാക്കാനാണ് നീക്കം.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കേരള നേതാക്കള്‍ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ കൂടിയാലോചന വേണമെന്നായിരുന്ന കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന അഭിപ്രായം.

തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ധാരണയായിരുന്നു.

ഈ മാസം 29 നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം. പരിപാടിക്ക് കൊച്ചിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി ബൂത്ത് അധ്യക്ഷന്മാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.