LiveTV

Live

Kerala

ട്രോമാ കെയര്‍ പദ്ധതി അവതാളത്തില്‍

പദ്ധതിയുടെ ആദ്യ ഘട്ടമായി നടപ്പാക്കേണ്ട ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഇതുവരെ ആയില്ല.

ട്രോമാ കെയര്‍ പദ്ധതി അവതാളത്തില്‍

സംസ്ഥാന സര്‍ക്കാരിന്റെ ട്രോമാ കെയര്‍ പദ്ധതി അവതാളത്തില്‍. പദ്ധതിയുടെ ആദ്യ ഘട്ടമായി നടപ്പാക്കേണ്ട ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഇതുവരെ ആയില്ല. മൂന്ന് തവണ ടെണ്ടര്‍ വിളിച്ചിട്ടും യോഗ്യരായ കമ്പനിയെ കണ്ടെത്താനായില്ല. 500 കോടി ചെലവില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതി അനിശ്ചിതത്വത്തില്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ട്രോമാ കെയര്‍ പദ്ധതിയുടെ ലെവല്‍ ഫോര്‍ അഥവാ അടിസ്ഥാന സൌകര്യമാണ് ആംബുലന്‍സ് സര്‍വീസ്. നിലവിലെ 108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 500 കോടി ചെലവില്‍ 315 ആംബുലന്‍സുകള്‍.

കഴിഞ്ഞ ഏപ്രിലില്‍ ആദ്യ ടെണ്ടര്‍ വിളിച്ചു. യോഗ്യരായ കമ്പനിയെ കണ്ടെത്താനായില്ല. വീണ്ടും രണ്ട് തവണ വിളിച്ചു. മൂന്നാമത്തെ ടെണ്ടറില്‍ പങ്കെടുത്തത് ഒരു കമ്പനി മാത്രം. നേരത്തെ 108 ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്ന ജി.വി.കെ ഇ.എം.ആര്‍.ഐ. ടെണ്ടറില്‍ ഒറ്റ കമ്പനി മാത്രം പങ്കെടുത്ത സാഹചര്യത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തീരുമാനമെടുക്കാന്‍ ഫയല്‍ സര്‍ക്കാരിന് അയച്ചിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

ഇനിയും ടെണ്ടര്‍ വിളിക്കണോ ടെണ്ടറില്‍ പങ്കെടുത്ത കമ്പനി നടത്തിപ്പ് ചുമതല ഏല്‍പിക്കണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ദേശീയതലത്തില്‍ തന്നെ മാതൃകയായ ട്രോമാ കെയര്‍ നയമാണ് കേരളത്തിന്റേത്. ആംബുലന്‍സ് സര്‍വീസ് നടപ്പാക്കാതെ സമ്പൂര്‍ണ ട്രോമാ കെയര്‍ പദ്ധതി നടപ്പാക്കാനാവില്ല.