LiveTV

Live

Kerala

കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

ശബരിമല ദർശനം നടത്തിയ കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചതായി പരാതി. തലക്ക് പരിക്കേറ്റ കനകദുര്‍ഗയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ശബരിമല ദർശനം നടത്തി മടങ്ങിയ ശേഷം ആദ്യമായി അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയ കനകദുർഗയെ ഭർതൃമാതാവ് പട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ യുവതിയെ പൊലീസ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി.

കനകദുർഗ തന്നെ മർദ്ദിച്ചതായി പരാതിപ്പെട്ട ഭർതൃമാതാവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളെജിന് മുമ്പിൽ നാമജപ പ്രതിഷേധവുമായെത്തിയവരെ പൊലീസ് നീക്കി. ന്യൂറോ സർജ്ജൻറെ സേവനം ലഭ്യമാക്കാനാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

സിവിൽ സപ്ലൈസ് ജീവനക്കാരി കൂടിയായിരുന്ന കനകദുർഗ അവധികഴിഞ്ഞ് ഇന്ന് ആനമങ്ങാട് മാവേലി സ്റ്റോറിൽ തിരികെ ജോലിയിൽ പ്രവേശിക്കാനായാണ് ഭർതൃ വീട്ടിലെത്തിയത്. നേരത്തെ ശബരിമലയിൽ ദർശനം നടത്താൻ ശ്രമം നടത്തിയപ്പോൾ തന്നെ യുവതിയെ സ്വീകരിക്കില്ലെന്ന് ഭർതൃവീട്ടുകാർ നിലപാടെടുത്തിരുന്നു.