LiveTV

Live

Kerala

മുനമ്പം വഴി അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് പൊലീസ്

സാഹചര്യ തെളിവുകളും കണ്ടെടുത്ത ബാഗിലെ രേഖകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റം നടന്നതായി പൊലീസ് കരുതുന്നത്.

മുനമ്പം വഴി അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന് പൊലീസ്

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പൊലീസ്. സാഹചര്യ തെളിവുകളും കണ്ടെടുത്ത ബാഗിലെ രേഖകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് അനധികൃത കുടിയേറ്റം നടന്നതായി പൊലീസ് കരുതുന്നത്. കേടാകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണവസ്തുക്കളടക്കമുള്ള സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമടക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. ബാഗുകളില്‍ നിന്ന് കണ്ടെടുത്ത ആശുപത്രി രേഖകളും ബോര്‍ഡിങ് പാസുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ദീപക് എന്ന ഡല്‍ഹി സ്വദേശി തമിഴ്നാട്ടില്‍ ചികിത്സ തേടിയതിന്റെ രേഖകളും മറ്റ് മൂന്ന് പേരുടെ ബോഡിങ് പാസുകളുമാണ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ദീപകിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമായെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ടവര്‍ ലൊക്കേഷന്‍ അടക്കം ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. റിസോര്‍ട്ടുകളിലടക്കം നടത്തിയ പരിശോധനയില്‍ അന്വേഷണത്തെ സഹായിക്കുന്ന ഒന്നും ലഭ്യമായില്ല. പരിശോധന നടത്തിയതില്‍ ഒരു റിസോര്‍ട്ടില്‍ തങ്ങിയ ഇതര സംസ്ഥാനക്കാരില്‍ ചിലരെ മാത്രമാണ് ബന്ധപ്പെടാന്‍ കഴിയാത്തത്. ആദ്യം സംശയം തോന്നിയ ചിലര്‍ സാധാരണ വിനോദസഞ്ചാരികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാധനങ്ങള്‍ക്കും മുനമ്പത്ത് രണ്ടിടത്തായി കണ്ടെത്തിയ സാധനങ്ങള്‍ക്കും ഒരേ സ്വഭാവമാണുള്ളത്. കൊടുങ്ങല്ലൂരില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്ന് ലൈഫ് ജാക്കറ്റ് കണ്ടെടുത്തതും അനധികൃത കുടിയേറ്റമെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പൊലീസ് നിരീക്ഷണം.

ബാഗുകളില്‍ നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളടക്കം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിക്കും. സാധാരണയില്‍ കൂടുതല്‍ ഇന്ധനം നിറച്ച ബോട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും പുരോഗമിക്കുന്നത്. കോസ്റ്റല്‍ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ ബോട്ടിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടില്ല.