LiveTV

Live

Kerala

മുത്തലാഖ് ചര്‍ച്ച; ഇ.ടി മുഹമ്മദ് ബഷീറിന് സമസ്ത പ്രസിഡന്റിന്റെ അഭിനന്ദനം, പി.കെ ഫിറോസിന് പേരുപറയാതെ വിമര്‍ശനം 

മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച മുസ്‌ലിം ലീഗ്‌ എംപി ഇ.ടി മുഹമ്മദ് ബഷീറിന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അഭിനന്ദനം 

മുത്തലാഖ് ചര്‍ച്ച; ഇ.ടി മുഹമ്മദ് ബഷീറിന് സമസ്ത പ്രസിഡന്റിന്റെ അഭിനന്ദനം, പി.കെ ഫിറോസിന് പേരുപറയാതെ വിമര്‍ശനം 

മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച മുസ്‌ലിം ലീഗ്‌ എം.പി ഇ.ടി മുഹമ്മദ് ബഷീറിന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അഭിനന്ദനം. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് ജിഫ്രി തങ്ങള്‍ ഇ.ടിയെ അഭിനന്ദിച്ചത്. സര്‍വ്വ കഴിവുകളും ഉപയോഗിച്ച് ഇ.ടി ബില്ലിനെ എതിര്‍ത്തെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയിലും പുറത്തും ശക്തമായ വിമര്‍ശനം നേരിട്ടിരുന്നു.

മുസ്‌ലിം വ്യക്തി നിയമത്തിന് ചട്ടമുണ്ടാക്കാനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയും ആ വിധിയിലേക്ക് നയിച്ച ഹര്‍ജി തങ്ങളുടേതാണെന്ന് അഭിമാനം കൊള്ളുകയും ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പേര് പറയാതെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചു. സമുദായവുമായി ബന്ധപ്പെട്ട നിയമങ്ങളും ബില്ലുകളും വരുമ്പോള്‍ നന്നായി പഠിച്ച് വേണം പ്രതികരിക്കാന്‍, പഠിക്കാതെ പ്രതികരിക്കരുത്, മുസ്‌ലിംകളെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ ഉണ്ടാക്കിയ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ചട്ടങ്ങള്‍,നിയമസഭാ സമിതിയുടെ മുന്നില്‍ ഈ ചട്ടങ്ങള്‍ പരിഗണനക്ക് വരുമ്പോള്‍ അതില്‍ അംഗങ്ങളായ എം.എല്‍.എമാര്‍ ഗൗരവത്തോടെ ഇടപെടണം, സമുദായത്തിന് പോറലേല്‍ക്കാത്ത വിധം ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാനുള്ള ഉത്തരവാദിത്തം എം.എല്‍.എമാര്‍ നിര്‍വഹിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

പിന്നാക്ക സംവരണത്തിന് പ്രയാസം നേരിടുന്ന സാഹചര്യം രാജ്യത്തുണ്ടാവരുത്. സാമ്പത്തിക സംവരണം ന്യായീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിംകളെ രണ്ടാംകിട പൗരന്‍മാരായി കണ്ട് പുറം തള്ളുന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അധ്വാനിച്ച മുസ്‌ലിംകളോടുള്ള വിവേചനമാണിത്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകണം. ഇതിനായി മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ പരിഹസിക്കുകയും കുതിര കയറുകയും ചെയ്യുന്ന നടപടി ആരായാലും നിര്‍ത്തണം. അല്ലെങ്കില്‍ അത് നിര്‍ത്തിക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.