LiveTV

Live

Kerala

ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്

ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

 ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍റെ ചോദ്യങ്ങള്‍ക്ക്‍ മറുപടി നല്‍കാന്‍ ശ്രീചിത്ര തയാറാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിയമനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് എ വിഭാഗത്തിലെ 15 തസ്തികകളിലേക്കായി നടത്തികൊണ്ടിരുന്ന നിയമന നടപടികള്‍ നിര്‍ത്തിവെക്കാനാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടത്. 21, 22 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച അഭിമുഖം നിര്‍ത്തിവെക്കാനും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമനത്തില്‍ സംവരണം പാലിക്കുന്നില്ലെന്ന് കാണിച്ച് വയനാട് സ്വദേശി ബൈജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 31ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ശ്രീചിത്രക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഈ മാസം 8ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിനും മറുപടി നല്‍കാത്ത ശ്രീചിത്ര നിയമന നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. ഈ മാസം 21, 22 തീയതികളില്‍ അഭിമുഖത്തിന്‍റെ തീയതിയും പ്രഖ്യാപിച്ചു. ഇതോടെയാണ് കര്‍ശന നടപടി എടുക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ തീരുമാനിച്ചത്.

ശ്രീചിത്ര കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടത്തിയ ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതി സംസ്ഥാന പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും ലഭിച്ചിരുന്നു. സംസ്ഥാന കമ്മീഷന്‍ സംവരണം പാലിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ശ്രീചിത്ര അംഗീകരിച്ചില്ല. ദേശീയ പട്ടികജാതി കമ്മീഷന്‍ കഴിഞ്ഞ 5 വര്‍ഷത്തെ നിയമന രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീചിത്ര സന്ദര്‍ശിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ തീരുമാനിച്ചെങ്കിലും സന്ദര്‍ശന വൈകിപ്പോകുകയായിരുന്നു. ഇതിനിടെയിലാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്.