LiveTV

Live

Kerala

അഭിമന്യുവിന്‍റെ കുടുംബത്തിന് പുതിയ വീട്; താക്കോല്‍ കൈമാറി 

മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന് സി.പി.എം നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അഭിമന്യുവിന്‍റെ കുടുംബത്തിന് പുതിയ വീട്; താക്കോല്‍ കൈമാറി 

എക്കാലവും സി.പി.എമ്മിന്‍റെ സംരക്ഷണയിലാകും അഭിമന്യുവിന്‍റെ കുടുംബമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന് സി.പി.എം നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഭൂമിയുടെ പട്ടയവും മറ്റ് രേഖകള്‍ക്കുമൊപ്പം ധനസമാഹരണം നടത്തിയ തുകയും അഭിമന്യുവിന്‍റെ കുടുംബത്തിന് കൈമാറി.

വേദിയില്‍ പല തവണ പൊട്ടിക്കരഞ്ഞ അഭിമന്യുവി‍ന്‍റെ അമ്മയെ ആശ്വസിപ്പിക്കാന്‍ സംഘാടകര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. ധനസമാഹരണത്തിലൂടെ 1256 സ്ക്വയര്‍ഫീറ്റില്‍ 40 ലക്ഷം രൂപ മുടക്കിയാണ് അഭിമന്യുവിന്‍റെ കുടുംബത്തിനായി സി.പി.എം വീട് നിര്‍മിച്ച് നല്‍കിയത്. കുടുംബത്തിനായി ബാങ്കില്‍ നിക്ഷേപിച്ച 26 ലക്ഷം രൂപയുടെ രേഖകളും മുഖ്യമന്ത്രി കൈമാറി. എല്ലാക്കാലവും അഭിമന്യുവിന്‍റെ കുടുംബത്തിന് സി.പി.എം സംരക്ഷണമൊരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

അഭിമന്യുവിന്‍റെ സ്മരണാര്‍ഥം വട്ടവട പഞ്ചായത്ത് പണികഴിപ്പിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധ ജനവിഭാഗങ്ങളും യുവജന സംഘടനകളും ശേഖരിച്ച് നല്‍കിയ 45000ത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് ലൈബ്രറിയാണ് അഭിമന്യുവിന്‍റെ സ്മരണാര്‍ഥം വട്ടവടയിലൊരുക്കിയത്. വലിയ പിന്തുണയുടെ ഈ മുഹൂര്‍ത്തത്തില്‍ അഭിമന്യുവിന്‍റെ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് വട്ടവടയെന്ന കാര്‍ഷിക ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.