LiveTV

Live

Kerala

സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി

ശ്രീകോവിലിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം ശ്രീകോവിലിനു ചുറ്റും പുല്ലുകയര്‍ വലിച്ച് രക്ഷാകവചം തീര്‍ത്തു. തുടര്‍ന്ന് രക്ഷോഗ്‌നഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, വാസ്തുകലശം എന്നിവയും നടത്തി.

സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് ശുദ്ധിക്രിയകള്‍ നടത്തിയത്. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. നാളെയാണ് മകരവിളക്കും സംക്രമപൂജയും.

ഇന്നലെ ദീപാരാധനയ്ക്കു ശേഷമാണ് ശുദ്ധിക്രിയകള്‍ ആരംഭിച്ചത്. പ്രസാദ ശുദ്ധിക്രിയകളായിരുന്നു ആദ്യം. ശ്രീകോവിലിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം ശ്രീകോവിലിനു ചുറ്റും പുല്ലുകയര്‍ വലിച്ച് രക്ഷാകവചം തീര്‍ത്തു. തുടര്‍ന്ന് രക്ഷോഗ്‌നഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, വാസ്തുകലശം എന്നിവയും നടത്തി.

ഇന്ന് ഉച്ചപൂജയ്ക്കു മുന്‍പായാണ് ബിംബശുദ്ധി ക്രിയകള്‍ നടത്തിയത്. തുടര്‍ന്ന്, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ കിഴക്കേ മണ്ഡപത്തില്‍ പൂജിച്ച് അയ്യപ്പന് അഭിഷേകം ചെയ്തു. മകരവിളക്കിനു മുന്നോടിയായുള്ള താന്ത്രിക കര്‍മങ്ങളും മറ്റ് ഒരുക്കങ്ങളും ഇതോടെ, പൂര്‍ത്തിയായി.

ഇന്നലെ പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, നാളെ ഉച്ചയ്ക്ക് പമ്പയില്‍ എത്തും. വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്നു സന്നിധാനത്തേയ്ക്ക് തിരിയ്ക്കുന്ന ഘോഷയാത്രയ്ക്ക് അഞ്ചരയ്ക്ക് ശരംകുത്തിയില്‍, വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദീപാരാധനയ്ക്ക് തൊട്ടുമുന്‍പായി, തിരുവാഭരണം പതിനെട്ടാം പടി കയറും. ദീപാരാധന സമയത്താണ് മകരജ്യോതി ദര്‍ശനമുണ്ടാവുക. തുടര്‍ന്ന്, രാത്രി 7.51നാണ് മകരസംക്രമ പൂജ.