LiveTV

Live

Kerala

മകരവിളക്ക്: പതിവ് തിരക്കില്ലാതെ സന്നിധാനം

ശബരിമലയിലുണ്ടായ അക്രമസംഭവങ്ങള്‍ തീര്‍ത്ഥാടകരുടെ കുറവിന് കാരണമായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മകരവിളക്ക്: പതിവ് തിരക്കില്ലാതെ സന്നിധാനം

മകരവിളക്കിന് ഒരു ദിവസം മാത്രം ബാക്കിയാകുമ്പോഴും ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കില്ല. കഴിഞ്ഞ നാല് ദിവസത്തെ കണക്ക് അനുസരിച്ച് ശരാശരി എഴുപതിനായിരത്തോളം പേരാണ് സന്നിധാനത്ത് എത്തിയത്. ശബരിമലയിലുണ്ടായ അക്രമസംഭവങ്ങള്‍ തീര്‍ത്ഥാടകരുടെ കുറവിന് കാരണമായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മകരവിളക്ക് ദര്‍ശനത്തിനായി നാല് ലക്ഷം പേര്‍ എത്തുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കണക്കു കൂട്ടല്‍. ഇതു മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയത്. കൂടാതെ, മകരജ്യോതി ദര്‍ശനത്തിന് സൗകര്യമുള്ള ഇടങ്ങളിലെല്ലാം സമാനമായ സൗകര്യങ്ങളും ഒരുക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പമ്പ ഹില്‍ടോപ്പില്‍ ഇത്തവണ തീര്‍ത്ഥാടകരെ പ്രവേശിപ്പിയ്ക്കുന്നില്ല. മകരജ്യോതി ദര്‍ശനത്തിനായി പതിനായിരക്കണക്കിന് ഭക്തരാണ് സാധാരണ സീസണുകളില്‍ സന്നിധാനത്ത് എത്താറ്. എന്നാല്‍, ഇത്തവണ ഇത് നാലിലൊന്നായി കുറഞ്ഞു.

ജനുവരി പത്താം തീയതിയ്ക്കു ശേഷം മല കയറുന്ന ഭക്തര്‍ സന്നിധാനത്ത് താമസിച്ച് മകരജ്യോതി ദര്‍ശനം നടത്തിയായിരുന്നു മടങ്ങിയിരുന്നത്. അഞ്ഞൂറില്‍ അധികം പര്‍ണശാലകള്‍ ഓരോ വര്‍ഷവും ഇവിടെ ഉണ്ടാവാറുണ്ട്. ഇത്തവണ ഇത് അന്‍പതിലും താഴെയാണ്. ഇന്ന് തീര്‍ത്ഥാടകര്‍ അധികമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല.