LiveTV

Live

Kerala

ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരെന്ന് റിപ്പോര്‍ട്ട്, മുഖ്യമന്ത്രി പങ്കെടുക്കില്ല

മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരെന്ന് റിപ്പോര്‍ട്ട്, മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കാത്തത്. എറണാകുളം റേഞ്ച് ഐ.ജിയാണ് റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു.

പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, കെ അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.