LiveTV

Live

Kerala

ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടു; പുഷ്പക്ക് വീട് നിര്‍മിക്കാനുള്ള തടസ്സം മാറുന്നു

മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പുഷ്പയുടെ പ്രശ്നത്തില്‍ ഇടപെട്ടത്

ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടു; പുഷ്പക്ക് വീട് നിര്‍മിക്കാനുള്ള തടസ്സം മാറുന്നു

പ്രളയ ദുരിതം പേറുന്ന എറണാകുളം ആലങ്ങാട് സ്വദേശി പുഷ്പക്ക് വീടെന്ന സ്വപ്നം യഥാര്‍ഥ്യമാകാനുളള വഴി തെളിയുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പുഷ്പയുടെ പ്രശ്നത്തില്‍ ഇടപെട്ടു. മീഡിയവണ്‍ ഇംപാക്ട്.

പ്രളയത്തില്‍ തകര്‍ന്ന പുഷ്പയുടെ വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയെങ്കിലും പഞ്ചായത്ത് ആവശ്യപ്പെടുന്ന രേഖകൾ എല്ലാം നല്‍കാന്‍ വൃദ്ധയായ പുഷ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വീട് നിര്‍മാണം അനിശ്ചിതത്വത്തിലായത്. മരിച്ചുപോയ ഭർത്താവിന്റെയും പുഷ്പയുടെയും പേരിലാണ് വീടിന്റെ ആധാരം. അതില്‍ ഒരു ആധാരം മാത്രമേ പുഷ്പ പരിശോധനക്കായി സമര്‍പ്പിച്ചിരുന്നുളളൂ എന്നായിരുന്നു ആലങ്ങാട് പഞ്ചായത്ത് അധികൃതര്‍ തടസ്സവാദമായി പറഞ്ഞത്. ഇക്കാര്യം മീഡിയവണ്‍ വാര്‍ത്തയാക്കിയതോടെയാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടത്. പ്രളയത്തിൽ രേഖകളെല്ലാം നശിച്ചവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.

Also read: ചുവപ്പുനാടയില്‍ കുരുങ്ങി വീട് നിര്‍മാണം; പുഷ്പയുടെ ജീവിതം ഇടിഞ്ഞുവീഴാറായ മേല്‍ക്കൂരയ്ക്ക് കീഴെ

പുഷ്പയുടേതുള്‍പ്പെടെ 14 കുടുംബങ്ങള്‍ക്ക് സൌജന്യമായി വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വന്നിരുന്നു. ആധാരം ഉള്‍പ്പെടെയുളള രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കാനാകാത്തിനാലാണ് വീട് നിര്‍മാണം വൈകുന്നത്. പ്രശ്നത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടപെട്ടതോടെ ഇനി ചുവപ്പുനാടയിലെ കുരുക്ക് ഉടന്‍ അഴിയുമെന്ന പ്രതീക്ഷയിലാണ് ആലങ്ങാട്ടെ ഈ കുടുംബങ്ങള്‍.